സെപ്റ്റംബര്‍ അവസാന വാരം സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധ്യത
സെപ്തംബര്‍ അവസാനത്തോടെ നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കൂട്ടത്തില്‍ കേരളത്തിലും ഉപ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത തെളിയുന്നു. സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത്. നാല് എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതിനെ തുടര്‍ന്നാണ് ആ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. കെ. മുരളീധരന്‍(വട്ടിയൂര്‍ക്കാവ്), അടൂര്‍ പ്രകാശ്(കോന്നി), എ.എം ആരിഫ്(അരൂര്‍), ഹൈബി ഈഡന്‍ (എറണാകുളം) എന്നിവരുടെ മണ്ഡലങ്ങളും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലയിലും മുസ്‌ലിം ലീഗിലെ അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ആറ് സീറ്റില്‍ അഞ്ചും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് കാണിച്ച് ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ടയച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.