BUSSINESSNEWS MAIN

റിപ്പോ- നിരക്കില്‍ വര്‍ധന

റിപ്പോ നിരക്കില്‍ വര്‍ധനയുമായി ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ അടിസ്ഥാന നിരക്കില്‍ 25 പോയിന്റുകള്‍ കൂട്ടി 6.25 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ നിരക്കും വര്‍ധിപ്പിച്ച് ആറു ശതമാനമാക്കി. നേരത്തെ ഇത് 5.75 ശതമാനമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നത്.

[റിസര്‍വ്വ് ബാങ്കില്‍ നിന്ന് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ വാങ്ങുന്ന പണത്തിനുള്ള പലിശക്കായാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. റിവേഴ്‌സ് റിപ്പോ നിരക്കാകട്ടെ റിസര്‍വ് ബാങ്ക് കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്ന് പണം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന പലിശനിരക്കും.]

റിപ്പോ നിരക്ക് കൂട്ടിയതോടെ ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന തുടങ്ങിയ വായ്പ്പകളില്‍ വര്‍ധന വരുത്തിയേക്കും. എന്നാല്‍ ആര്‍.ബി.ഐയുടെ ക്യാഷ് റിസര്‍വ്വ് അനുപാതത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതത്തിലും മാറ്റമില്ല. യഥാക്രമം നാല്, 19.5 ശതമാനമാണ് ഇത്. ഉയര്‍ന്നു നില്‍ക്കുന്ന എണ്ണവില പണപ്പെരുപ്പം എന്നീ സമ്മര്‍ദ്ദങ്ങളെ നേരിടുവാനാണ് റിസര്‍വ് ബാങ്ക് റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പണപ്പെരുപ്പ നിരക്ക് കിഞ്ഞ ഏപ്രിലില്‍ 4.58 ശതമാനത്തിലെത്തിയിരുന്നു. അത് നാലു ശതമാനത്തിലെത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

ജി.ഡി.പി വളര്‍ച്ച 7.4 ശതമാനം                                                                                                            2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം  ജി.ഡി.പി) 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേല്‍ പറഞ്ഞു.രാജ്യത്തെ ധാന്യവിളയും കാര്‍ഷിക മേഖലയും ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി എന്നീ പരിഷ്‌കാരങ്ങള്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ജി.ഡി.പി സാവധാനം ഉണരുന്നതിന്റെ ലക്ഷണമായിട്ടാണ് ഇത് കരുതപ്പെടുന്നത്.