എസ്എം കൃഷ്ണ വീണ്ടും കോണ്‍ഗ്രസിലേക്ക്?.

Print Friendly, PDF & Email

കേവലം ഒരു വര്‍ഷത്തെ ബാന്ധവം വിട്ട് മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയുമായ എസ്എം കൃഷ്ണ(84) കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് സൂചന. വൈകാതെ അതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ബിജെപിയുലുള്ള അവഗണനയില്‍ മനം മടുത്താണ് തന്റെ മാതൃസംഘടനയിലേക്ക് മടങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മകള്‍ ഷാംബവിക്ക് രാജരാജേശ്വരിനഗരത്തില്‍ സീറ്റ് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സഥാനാര്‍ഥി പട്ടികയില്‍ കൃഷ്ണയുടെ മകളുടെ പേരുണ്ടായിരുന്നില്ല. ഇതാണ് പാര്‍ട്ടിവിടാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളുമായി കൃഷ്ണ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് കൃഷ്ണ പാര്‍ട്ടി വിട്ടത് കഴിഞ്ഞ വര്‍ഷമാദ്യമാണ്. പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നായിരുന്നു പാര്‍ട്ടി വിടാന്‍ അദ്ദേഹം പറഞ്ഞ കാരണം. ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ച് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് അംഗത്വം നല്‍കിയത്. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ കൃഷ്ണ ഉപരാഷ്ട്രപതിയോ ഗവര്‍ണറോ ആക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍, പ്രതീക്ഷകളെല്ലാം വെറുതെയായി ബിജെപിയില്‍ അദ്ദേഹത്തിന് പദവിയൊന്നും ഉണ്ടായിരുന്നില്ല. അടുത്തിടെ ബിജപി കര്‍ണാടക ഐടി സെല്ലിലേക്ക് കൃഷ്ണയെ നോമിനേറ്റ് ചെയ്തത് മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യവുമായി.

1968ല്‍ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് കൃഷ്ണ ആദ്യമായി ലോക്‌സഭാംഗമായത്. 1999ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേത്തി. 2004 വരെ മുഖ്യമന്ത്രിയായി. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്നു മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടര്‍ന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നു. സംസ്ഥാന കോണ്‍ഗസ് നേതൃത്വവുമായി അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല എസ്എം കൃഷ്ണയെന്ന രാഷ്ട്രീയ അതികായന്‍.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply