‘ദ ഹിന്ദു’ ദിനപത്രത്തിനു പുറമെ മറ്റ് രണ്ട് പത്രങ്ങളെയും അഭിമുഖത്തിന് സമീപിച്ചിരുന്നു

Print Friendly, PDF & Email

“മുഖ്യമന്ത്രിക്കെന്തിനു പിആര്‍ ഏജന്‍സി” എന്ന് ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ പിആര്‍ ബാന്ധം നിക്ഷേധിക്കുവാന്‍ ശ്രമിക്കുന്നതിനിടെ പിആര്‍ ബാന്ധവത്തിന്‍റെ കൂടുതല് കഥകള്‍ പുറത്തുവരുകയാണ്. ദ ഹിന്ദു ദിനപത്രത്തിനു പുറമെ മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും ഇതേ ഏജൻസി അഭിമുഖത്തിന് സമീപിച്ചിരുന്നു. ദില്ലിയിലോ കേരളത്തിലോ ഇത് പിന്നീട് നല്കാം എന്ന് ഇവരെ പിന്നീട് അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിപിആര്‍ ഏജന്‍സിയായ കൈസന്‍ ഗ്രൂപ്പ് ദ ഹിന്ദു ദിനപത്രവുമായി ധാരണയായതിനാലാണ് അവരെ ഒഴിവാക്കിയത്.

അഭിമുഖം വിവാദമായതോടെ ഓണ്‍ലൈനില്‍ ഇത് തിരുത്തണം എന്നാണ് ദ ഹിന്ദു ദിനപത്രത്തിനെ ഏജൻസി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പ്രസ് സെക്രട്ടറി കുറിപ്പ് നല്‍കിയത്. കഴി‍ഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും പിണറായിക്കായി ഏജൻസികൾ മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്‍റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കൈസന്‍ സര്‍ക്കാര്‍ വിശദീകരിക്കട്ടയെന്നാണ് നിലപാടെടുക്കുന്നത്.

ദ ഹിന്ദു ദിനപത്രം മുഖ്യമന്ത്രിയുടെ അഭിമുഖം എടുത്തപ്പോള്‍ ദില്ലിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഒ വിനീത് ഹാന്‍ഡെയും , മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. കൈസന്‍ ഗ്രൂപ്പിന്‍റെ പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ടി ഡി സുബ്രഹ്മണ്യനാണ്. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റേതടക്കം അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത് സുബ്രഹ്മണ്യന്‍ ആണ്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം.