യൂണിവേര്‍സിറ്റികളുടെ ചാന്‍സലര്‍ ഗവര്‍ണര്‍. നിയമ ഭേദഗതിക്കൊരുങ്ങി യുജിസി.
‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന അവസ്ഥയിലാണ് കേരള സര്‍ക്കാര്‍. യൂണിവേര്‍സിറ്റി പ്രശ്നത്തില്‍ കേരള ഗവര്‍ണര്‍ എടുത്ത നിലപാടും അതിനു ലഭിച്ച ജനകീയ പിന്തുണയും ഗവര്‍ണറുടെ നിലപാടുകളെ സാധൂകരിക്കുന്ന കോടതിവിധികളും എല്ലാം ദേശീയ ശ്രദ്ധ നേടിയതോടെ യു.ജി.സി ചട്ടം ഭേദഗതി ചെയ്ത് എല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണർ തന്നെയെന്ന് ഉറപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാൻ സംസ്ഥാനം നിയമ നിർമ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് യുജിസിയുടെ വക സര്‍ജിക്കല്‍ സ്ട്രൈക്ക്. യുജിസി നീക്കം നടപ്പിലായാൽ ഗവർണർക്കെതിരെ പോരടിക്കുന്ന സംസ്ഥാന സർക്കാരിന് വൻ തിരച്ചടിയാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ പിണറായി സര്‍ക്കാരിനെ ശരിക്കും വെള്ളം കുടിപ്പിച്ച ഗവര്‍ണറുടെ ശൈലിയാണ് ഇത്തരം ഒരു നിയമത്തിന്‍റെ ആവശ്യകതയിലേക്ക് കേന്ദ്രത്തെ നയിച്ചത്. കഴിഞ്ഞ ദിവസം കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന രാജ്ഭവന്‍ മാര്‍ച്ചും അതില്‍ മറ്റു സംസഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തതും എല്ലാം ബിജെപി ഇതര ഭരണകൂടങ്ങളുള്ള സംസ്ഥാനങ്ങളില്‍ സര്‍വ്വകലാശാലകളുടെ നിയന്ത്രണം വരുതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സംഘടിത നീക്കം നടത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായിരിക്കുകയാണ്. സര്‍വ്വകലാശാലകളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കൈകടത്തലുകള്‍ തടഞ്ഞ് സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തുന്നതിന് ഇത്തരം ഒരു ഭേദഗതി അനിവര്യമാണെന്ന് കേന്ദ്രം ചിന്തിക്കുവാന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ദേശീയ ചര്‍ച്ചക്കു പോലും വഴിതെളിച്ച കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാര്‍ നടത്തുന്നതുപോലുള്ള കൈകടത്തലുകള്‍ തടയുന്നതിനും സര്‍വ്വകലാശാലകളുടെ അക്കാദമിക്‍ നിലവാരം ഉയര്‍ത്തുന്നതിനും സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെ ആയിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ആണ് യുജിസിക്കും ഉള്ളത്. ഗവര്‍ണര്‍ ചാന്‍സലറാകുന്നതോടെ സർവകലാശാലകളിൽ സര്‍ക്കാരുകളുടെ രാഷ്ട്രീയ ഇടപെടൽ തടയാനും സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ. ഇത്തരം ഒരു നിയമ ഭേദഗതി കൊണ്ടുവരുന്നതിന് യു.ജി.സിക്ക് നിയമ തടസമില്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കാകട്ടെ യുജിസിയുടെ നിയമങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. അല്ലെങ്കിൽ സർവകലാശാലകൾക്കുള്ള അംഗീകാരവും ധനസഹായവും വേണ്ടെന്നു അവര്‍ക്ക് വയ്‌ക്കേണ്ടിവരും.
കേന്ദ്ര സർവകലാശാലകളിൽ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സർവകലാശാലകളിൽ ഗവർണർ തന്നെ ചാൻസലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്. ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ യു.ജി.സി ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്രാബല്യത്തിലാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. യുജിസി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, സംസ്ഥാന നിയമങ്ങൾക്ക് നിലനിൽപ്പില്ലാതാവും. യു.ജി.സി ചട്ടം ഭേദഗതി ചെയ്താൽ എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കിയേ പറ്റൂ. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര നിയമത്തിന് തുല്യമാണ് യു.ജി.സി റഗുലേഷൻ. അത് പ്രകാരമുള്ള ഭേദഗതി സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടിവരും. ഇതോടെ സംസ്ഥാന സർക്കാരുകള്‍ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും നിലനിൽക്കാതെയാകും. വി.സി നിയമനത്തിൽ യു.ജി.സി ചട്ടം പാലിക്കാത്തതിനാണ് സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതിയും ഫിഷറീസ് സർവകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതിയും പുറത്താക്കിയത്. ഈ കോടതി വിധികളും കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന് ഉത്തേജകമാവുകയാണ്.
ഗവർണർമാർക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇതാണ് തിടുക്കത്തിലുള്ള യു.ജി.സി നിയമ ഭേദഗതി നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മേശപ്പുറത്തിരിക്കെ ബില്ലുകൂടി അവതരിപ്പിക്കാന്‍ നിയമസഭ വിളിച്ചിരിക്കുകയാണ്. തമിഴ്നാടും ബംഗാളും ചാൻസലർ പദവിയിൽ നിന്ന് ഗവര്‍ണറെ നീക്കാൻ ബിൽ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടിട്ടില്ല. ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഗവർണറെ നീക്കാനുള്ള നിയമം അണിയറയിലാണ്. രാജസ്ഥാനിൽ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ഗവർണർക്ക് വിസിറ്റർ പദവി നൽകാനാണ് നിയമ നിർമ്മാണം നടത്തുകയാണ്. മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ പാസാക്കിയ ബിൽ ഷിൻഡെ സർക്കാർ പിൻവലിച്ചുകൊണ്ടാണ് യൂണിവേര്‍സിറ്റികളില്‍ ഗവര്‍ണറുടെ പദവി പുനഃസ്ഥാപിച്ചത്. ഇത്തരം ഏറ്റുമുട്ടലുകള്‍ പലപ്പോഴും യൂണിവേര്‍സിറ്റികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെങ്കില്‍ ദേശീയ തലത്തില്‍ ഏക നിയമം ആവശ്യമാണെന്ന നിലപാടിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.