ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി.

Print Friendly, PDF & Email

ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്തപ്പോൾ സംസ്ഥാനത്തെ 14 സർവകലാശാലകൾക്കുമായി ഒരൊറ്റ ചാൻസലർ മതിയെന്നും സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജ് ചാൻസലറാകണംഎന്നും ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം സർക്കാർ നിരാകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കറെ ഉൾപ്പെടുത്തി സമിതിയാകാമെന്ന് നിയമ മന്ത്രി പി രാജീവ് വ്യക്തമാക്കി. എന്നാൽ വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിന്റെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി രാജീവ്പ്രതിപക്ഷ നേതാവന്‍റെ ആവശ്യം തള്ളി. ധൈഷണിക നേതൃത്വമാണ് സർവകലാശാലകൾക്ക് വേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ദ്ധരാണ് ചാൻസലർ സ്ഥാനത്തെത്തുകയെന്നും രാജീവ് പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. സഭ ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെട്ട മന്ത്രി രാജീവ് പ്രതിപക്ഷ നിലപാടിന് ചരിത്രം മാപ്പ് നൽകില്ലെന്നും പറഞ്ഞു.

ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഉയർത്തിയത്. ഗവർണർ കേറി ഭരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണ്. ഗവർണറെ നീക്കണമെന്ന ലീഗ് നിലപാടിൽ മാറ്റമില്ല. ഗവർണറുടെ വാർത്താ സമ്മേളനങ്ങൾ അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെയും ലീഗ് നേതാവ് വിമർശനം ഉന്നയിച്ചു. സർവകലാശാലകളെ ഏകപക്ഷീയമായും യൂണിയൻ വത്കരിച്ചും മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ല. സർവകലാശാല ഭരണത്തിൽ പ്രതിപക്ഷത്തെ കേൾക്കുന്നേയില്ല. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് നിലവാരം വേണം. സമരത്തിൽ നിന്നും കലാപങ്ങളിൽ നിന്നും സർവകലാശാലകളെ മോചിപ്പിക്കണം. അതിനുള്ള നിർദ്ദേശമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയ്ക്കിടെ മുസ്ലിം ലീഗിനെ മന്ത്രി രാജീവ് വാനോളം പുകഴ്ത്തി. മുസ്ലിം ലീഗ് ആണ് ഗവർണറുടെ രാഷ്ട്രീയനീക്കം ആദ്യം തിരിച്ചറിഞ്ഞത്. ലീഗ് ഗവർണർക്ക് എതിരെ നടത്തിയ പ്രസ്താവന സഭയിൽ വായിച്ച മന്ത്രി, കോൺഗ്രസും ലീഗും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും പറഞ്ഞു.