INDIANEWS MAIN

ക്രിമിനല്‍ നിയമങ്ങളിലെ പൊളിച്ചെഴുത്ത്; മൂന്നു ബില്ലുകളും പിന്‍വലിച്ച് കേന്ദ്രം…!

ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമനില്‍ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ബില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം യഥാക്രമം, ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എന്‍.എസ്.എസ്.) ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളായിരുന്നു കൊണ്ടുവന്നത്‌. പിന്നീട് മൂന്നു ബില്ലുകളും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.

ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസിയുടെ 9 വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.

വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. ‌എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു. ഈ ശുപാർശ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും (പിഎംഒ) മന്ത്രിസഭയും അറിയിച്ചു. അതിനു പിന്നാലെയാണ് ബില്ലുകള്‍ പിന്‍വലിച്ച് പുതുക്കിയ ബില്ലുകള്‍ അവതരിപ്പിക്കുവാന്‍ തീരുമാനമെടുത്തത്. നിയമവൃത്തങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിക്ഷേധങ്ങള്‍ക്കിടയാക്കിയ ബില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് ഈ ആഴ്ച തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലിമെന്‍റില്‍ അവതിരിപ്പിക്കും എന്ന് കരുതപ്പെടുന്നു.