ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു.

Print Friendly, PDF & Email

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചത് കണ്ടെത്തിയത്. 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. തുടര്‍ന്ന് വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് കാട്ടിയ അദ്ദേഹം സ്വഭവനത്തില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. 1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് അദ്ദേഹം ജനിച്ചത്. 1986ലെ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം നേടി. അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ ലോകം കണ്ട എക്കാലത്തേയും വലിയ ഫുട്ബോള്‍ ഇതിഹാസമായിരുന്നു.