സംസ്ഥാനം സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ…!
സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ കടന്നുപോകുന്നത് സാമ്പത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സർക്കാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. കെടിഡിഎഫ്സിയുടെ (കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്‍) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സർക്കാർ അറിയിച്ചത്.
സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാറിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. ഹർജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തിൽ കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായിരുന്നു. എന്തുകൊണ്ടാണ് കെടിഡിഎഫ്‌സി പണം നൽകാത്തതെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി പൂട്ടലിന്‍റെ വക്കിലാണ്. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അടക്കം നഷ്ടമായേക്കുമെന്ന സ്ഥിതിയാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനല്‍കാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് സ്ഥാപനത്തിൽ കോടികള്‍ സ്ഥിര നിക്ഷേപമിട്ടവര്‍ കുടുങ്ങിയിരിക്കുകയാണ്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും പണം തിരിച്ചു നല്‍കാന്‍ കെടിഡിഎഫ്‌സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരുമാനമില്ല. കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവും മുടക്കി. ഇതോടെയാണ് സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലായത്. 580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തില്‍ പൊതുജന നിക്ഷപമായുള്ളത്.