പ്രതിപക്ഷ ഐക്യത്തിന്‍റെ കാഹളമുയര്‍ത്തി ‘ഇന്‍ഡ്യ’ മുംബൈ മീറ്റ്. നയിക്കാന്‍ 14 അംഗ ഏകോപന സമിതി.

Print Friendly, PDF & Email

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതത്തെ ഒന്നിപ്പിക്കും, ഇന്‍ഡ്യ ജയിക്കും എന്ന മുദ്രാവാക്യമുയർത്തി കഴിയുന്നത്ര ഒരുമിച്ച് മത്സരിക്കാനും വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ ഉടൻ ആരംഭിക്കാനും മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗം തീരുമാനിച്ചു. ദേശീയ തെരഞ്ഞെടുപ്പ് നേരത്തെ ആക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം മുന്നില്‍ കണ്ടു കൊണ്ട് മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന സമിതിയെ നിയോഗിക്കുവാനും സീറ്റ് വിഭജന അടക്കമുള്ള ചർച്ച ഉടനെ പൂർത്തിയാക്കുവാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുവാനും ആണ് മുന്നണി തീരുമാനം.

ഇന്‍ഡ്യ മുന്നണിയുടെ മൂന്നമത്തെ സമ്മേളനമായ മുംബൈ മീറ്റില്‍ 28 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഒത്തുചേര്‍ന്ന് ‘ഇന്‍ഡ്യ’യെ നയിക്കാന്‍ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. നിലവിൽ സമിതിക്ക് കൺവീനർ ഉണ്ടായിരിക്കില്ല. കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരും ഏകോപനസമിതിയിലില്ല. കൺവീനറെ നിയമിക്കുന്നത് ഒഴിവാക്കി കൂട്ടായ നേതൃത്വ രീതിയിലേക്ക് പോകാനാണ് ഇന്‍ഡ്യ ബ്ലോക്കിന്റെ നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. കെസി വേണുഗോപാലാണ് കോൺഗ്രസ് പ്രതിനിധി. ശരദ് പവാർ , സഞ്ജയ് റാവത്ത് , തേജസ്വി യാദവ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പലരും പട്ടികയിൽ ഉണ്ട്. സിപിഐയിൽ നിന്ന് ഡി രാജ അംഗമാണ്. സിപിഎമ്മിൽ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് തീരുമാനിക്കും.

മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികൾ രൂപീകരിച്ചു. പ്രചാരണ കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി, എൻകെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജി ദേവരാജൻ എന്നിവരുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി റാലികൾ നടത്താനും യോഗം തീരുമാനിച്ചു.

ഇന്ത്യ ബ്ലോക്കിന്റെ ലോഗോ ഇതുവരെ തീരുമാനിച്ചിട്ടില്ല. “ഈ പോരാട്ടം ജനങ്ങൾക്ക് വേണ്ടിയുള്ളതിനാൽ ലോഗോയിൽ ആളുകളുടെ അഭിപ്രായങ്ങൾ എടുക്കണമെന്ന് ഒരു നിർദ്ദേശം ഉയര്‍ന്നതിനാലാണ് ലോഗോ തീരുമാനം വൈകുന്നത്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഞങ്ങൾ അവരുടെ നിർദ്ദേശങ്ങൾ തേടുകയും മികച്ച ലോഗോ കൊണ്ടുവരികയും ചെയ്യും എന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.

ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ ഒരുമിച്ച് നിന്നാൽ ബിജെപിയെ അനായാസം പരാജയപ്പെടുത്താമെന്നാണ് രാഹുൽ ഗാന്ധി യോഗത്തിന് ശേഷം പ്രതികരിച്ചു. ഒക്‌ടോബർ രണ്ടിനകം പ്രകടനപത്രിക പുറത്തിറക്കാൻ മമത ബാനർജിയും സെപ്തംബർ അവസാനത്തോടെ പങ്കിടൽ കരാർ അന്തിമമാക്കാൻ പ്രതിപക്ഷ പാർട്ടികളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടു. “അഴിമതിക്കെതിരെ പോരാടാൻ ഇന്ത്യൻ പാർട്ടികൾ തീരുമാനിച്ചു. ‘മിത്ര-പരിവാർവാദം’ ഞങ്ങൾ അനുവദിക്കില്ല,” ഉദ്ധവ് താക്കറെ പറഞ്ഞു.