‘കേന്ദ്രം വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നു’ കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് – ധനമന്ത്രി
സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ കൈകള്‍ മാത്രമല്ല വിരലുകൾ പോലും കെട്ടിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തി ഓണക്കാലം തള്ളിവിടാമെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്.
കേരളത്തിനു കടമെടുക്കാവുന്ന പരിധി 32,440 കോടി രൂപയായി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി പക്ഷേ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഈ കടും വെട്ട്.