പരസ്പരം കൈകോർത്ത് ദയാമരണം വരിച്ച് നെതർലൻഡ്സ് മുൻ പ്രധാനമന്ത്രിയും ഭാര്യയും.
ഈ ലോകത്തുനിന്നുള്ള യാത്രയിൽ രോഗത്താൽ ക്ലേശിക്കുന്ന ഭാര്യ യൂജീനിയെയും നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രിസ് ഫൻ അഹ്ത് ഒപ്പംകൂട്ടി. രണ്ടുപേരും കൈകോർത്തു പിടിച്ച് ഈ മാസം അഞ്ചിന് ദയാവധം സ്വീകരിച്ചു. 93 വയസ്സായിരുന്നു ഇരുവർക്കും. 2019-ല്‍ ഉണ്ടായ മസ്തിഷ്ക രക്തസ്രാവത്തിൽ നിന്ന് അദ്ദേഹം പൂർണമുക്തനായില്ല. യൂജീനിയും തീരെ അവശയായിരുന്നു. പരസ്പരം പിരിയാൻ രണ്ടുപേർക്കുമാകില്ലായിരുന്നു. അതിനാല്‍ ഒരുമിച്ച് മരണം വരിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഫൻ അഹ്ത് തന്നെ സ്ഥാപിച്ച റൈറ്റ്സ് ഫോറമാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്.
1977 മുതൽ 82 വരെ നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയായിരുന്നു കത്തോലിക്ക മത വിശ്വാസി ആയിരുന്ന ഫൻ അഹ്ത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് അപ്പീൽ പാർട്ടിനേതാവായിരുന്ന അദ്ദേഹം പിന്നീട് ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിലെ നിലപാടിന്റെ പേരിൽ 2017-ൽ അദ്ദേഹം പാർട്ടിവിട്ടു.
ഒരുമിച്ച് ദയാമരണം വരിക്കുന്ന പങ്കാളികളുടെ എണ്ണം 2020-നുശേഷം നെതർലൻഡ്സിൽ കൂടിയിട്ടുണ്ട്. 2022-ൽ 58 പേരാണ് ഇത്തരത്തിൽ ദയാമരണം വരിച്ചത്. ഒരുവർഷം 1000 നെതർലൻഡ്സുകാർക്ക് ദയാമരണം നടത്തിക്കൊടുക്കുന്നുണ്ടെന്ന് എക്സ്പെർടൈസ്‌സെൻട്രം യൂത്തനാസിയേ എന്ന സംഘടന പറയുന്നു.
ദയാവധത്തിന് 2002-ൽ നിയമപരമായി അനുമതി നൽകിയ രാജ്യമാണ് നെതർലൻഡ്സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളിൽ നെതര്‍ലാന്‍സില്‍ ദയാവധം അംഗീകരിക്കുന്നു. ഡോക്ടർമാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്സിലുണ്ട്. ഇത്തരം സംഘങ്ങളെ തേടി മറ്റുരാജ്യങ്ങളില്‍ നിന്നുപോലും ദയാവധത്തിനായി ആളുകള്‍ നെതര്‍ലാന്‍സില്‍ എത്തുന്നുണ്ട്.