മൗനത്തിന്‍റെ വാത്മീകത്തില്‍ നിന്ന് പ്രധാനമന്ത്രിയെ പുറത്തുചാടിക്കാന്‍ കച്ചകെട്ടി പ്രതിപക്ഷം! അവശ്വാസ പ്രമേയത്തിന് നീക്കം…?

Print Friendly, PDF & Email

മണിപ്പൂർ വിഷയംത്തില്‍ മൗനത്തിന്‍റെ വാത്മീകത്തില്‍ നിന്ന് പ്രധാനമന്ത്രിയെ വലിച്ച് പുറത്തിടണമെന്ന വാശിയില്‍ രണ്ടും കല്‍പ്പിച്ച് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്‍ഡ്യ’ മുന്നണി. പാര്‍ലിമെന്‍റില്‍ പ്രസ്താവനക്ക് തയ്യാറാകാത്ത നരേന്ദ്രമോദിയെ കൊണ്ട് പാര്‍ലിമെന്‍റില്‍ മറുപടി പറയിപ്പിക്കുവാനായി അവസാന കളിക്കാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്. അതിനായി കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ ധാരണ. ഇക്കാര്യത്തില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് യോജിപ്പ് അറിയിച്ചു.

മണിപ്പൂർ വിഷയത്തില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടിൽ പ്രധാനമന്ത്രി ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ ചേർന്ന ‘ഇന്‍ഡ്യ’ സഖ്യത്തിൻ്റെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരുമെന്ന വിലയിരുത്തലാണ് പ്രതിപക്ഷത്തിനുള്ളത്. മനീഷ് തിവാരി മുന്നോട്ട് വെച്ച ഈ നിർദ്ദേശത്തോട് പ്രതിപക്ഷത്തെ പാർട്ടികൾക്ക് യോജിപ്പാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഇന്ത്യൻ മുജാഹിദ്ദിനും പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ എന്ന് ചേർത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബിജെപി പാർലമെൻ്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഇന്ത്യ’ എന്ന പേര് സഖ്യത്തിന് നല്‍കിയത് കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലർ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു. എന്നാല്‍, ഭയം കാരണമാണ് മോദി ഇങ്ങനെ സംസാരിക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ തിരിച്ചടിച്ചു. ബിജെപി എങ്ങനെ തടസ്സപ്പെടുത്തിയാലും മണിപ്പൂരിൽ ഇന്ത്യ മുറിവുണക്കും എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.