2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ INDIAയുമായി പ്രതിപക്ഷം
മോദി വൈസ് ഇന്ത്യ 2024ലെ ദേശീയ തിരഞ്ഞെടുപ്പില്‍ രാജ്യം കാണാന്‍ പോകുന്ന അങ്കം അതായിരിക്കും. ഇന്ന് ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനമാണ് അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം [INDIAN NATIONAL DEMOCRATIC INCLUSIVE ALLIANCE – (INDIA)]. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് 303 സീറ്റുകൾ ലഭിച്ചില്ല. സഖ്യകക്ഷികളുടെ വോട്ടുകൾ ഉപയോഗിച്ച് അധികാരത്തിലെത്തിബിജെപി പിന്നീട് അവരെ തള്ളിക്കളയുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപിയെ പുറത്താക്കാന്‍ കഴിയുമെന്ന ധാരണയാണ് പ്രതിപക്ഷത്തിനുള്ള.
26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ വച്ചാണ് നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കും. ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തിൽ ചർച്ചയാകും. തെരഞ്ഞെടുപ്പ് പ്രചാരണ നടത്തിപ്പിനായി സെക്രട്ടേറിയറ്റ് സ്ഥാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.
2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമാകുമെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ‘ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഞങ്ങള്‍ INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്) എന്ന പേര് തിരഞ്ഞെടുത്തത്. ഈ പോരാട്ടം എന്‍ഡിഎയും ഇന്ത്യയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. ഇന്ത്യയുടെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ എന്ന ആശയത്തെ ആരെങ്കിലും ഏറ്റെടുക്കുമ്പോള് ആരാണ് വിജയിക്കുകയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം’, രാഹുല്‍ പറഞ്ഞു. “നേരത്തെ ഞങ്ങൾ യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) ആയി പ്രവർത്തിച്ചു. ഇപ്പോൾ 26 പാർട്ടികൾക്കൊപ്പം ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നൊരു പുതിയ പേര് നൽകിയിരിക്കുന്നു. പുതിയ സഖ്യത്തിന്‍റെ പ്രഖ്യാപന വേളയില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലുകാർജൻ ഖാർഗെ പറഞ്ഞു. ‘ഇന്ത്യ’ സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ പല ആശയധാരകളിൽ ഉള്ളവർക്കും ഒന്നിച്ച് നിൽക്കാനാകുമെന്നതിന്‍റെ തെളിവാണ് പ്രതിപക്ഷ ഐക്യമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളുടെ പട്ടികയിൽ ഏഴ് മുഖ്യമന്ത്രിമാരുണ്ട്- പശ്ചിമ ബംഗാളിലെ മമത ബാനർജി, തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിൻ, ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിലെ ഭഗവന്ത് മാൻ, ബിഹാറിലെ നിതീഷ്. കുമാർ, ജാർഖണ്ഡിന്റെ ഹേമന്ത് സോറൻ, കർണാടകയുടെ സിദ്ധരാമയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാര്‍. അവരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എൻസിപിയുടെ ശരദ് പവാർ, ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെ, സിപിഐ എം സീതാറാം യെച്ചൂരി, നാഷണൽ കോൺഗ്രസിന്റെ ഒമർ അബ്ദുള്ള തുടങ്ങി 50-ലധികം രാഷ്ട്രീയ പാർട്ടി നേതാക്കളും ബെംഗളൂരുവിൽ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ യോഗത്തിന്റെ ആദ്യ ദിവസം ഒഴിവാക്കിയിരുന്നുവെങ്കിലും ഇന്ന് രാവിലെ യോഗത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിച്ചേര്‍ന്നു.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡിഎംകെ, ടിഎംസി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ (ആർജെഡി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന (യുബിടി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), സമാജ്വാദി പാർട്ടി, ജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ലോക്ദൾ, എംഡിഎംഎൽ, വിസികെ, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി , കൊങ്കു ദേശ മക്കൾ കച്ചി, ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി), അപ്നാ ദൾ (കാമറവാടി), മനിതനേയ മക്കൾ കച്ചി തുടങ്ങിയ പാര്‍ട്ടികളാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുത്തത്.