പിണറായിയെ ചവിട്ടിക്കൂട്ടി എകെജി ഭവന്‍റെ ഭിത്തിയില്‍ തേച്ചൊട്ടിച്ച് അന്‍വര്‍. മിണ്ടാനാവാതെ പിണറായിസ്റ്റുകള്‍.

Print Friendly, PDF & Email

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിക്കൂട്ടി എകെജി ഭവന്‍റെ ഭിത്തിയില്‍ തേച്ചൊട്ടിച്ച് ഇടതുപക്ഷ എംഎല്‍എ ആയ പിവി അന്‍വര്‍. കത്തിജ്വലിച്ചുകൊണ്ടിരുന്ന പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നു വരെ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നൊന്നായി അന്‍വര്‍ തുറന്നു വിട്ടപ്പോള്‍ അതുകേട്ട് ഞെട്ടിയത് പിണറായിസ്റ്റുകള്‍ മാത്രമല്ല പ്രതിപക്ഷംകൂടിയാണ്.

188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷിച്ചാല്‍, സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യമായി വിവരം കിട്ടും. ഈ 188 കേസുകളില്‍ 28 പേരെങ്കിലും തുറന്നു പറയുവാന്‍ തയ്യാറാണ്. എന്നാൽ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല. സ്വര്‍ണ്ണം കടത്തിയവരുടെ അനുഭവങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു. അഴിമതിക്കാരനായ എഡിജിപിയെ മുഖ്യമന്ത്രി താലത്തിൽ വച്ച് കൊണ്ടു നടന്ന് സംരക്ഷിക്കുകയാണെന്നും പാർട്ടി സഖാക്കൾ ഇക്കാര്യം അറിയണമെന്നും പി വി അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിവി അൻവര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ കണ്ണിനു മുന്പില്‍ അഴിഞ്ഞാടിയപ്പോള്‍ അന്നത് കണ്ടില്ല ഇന്നും യാതൊന്നും കാണുന്നില്ല.സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും പിവി അൻവര്‍ പറഞ്ഞു.

കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിപിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായി. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. പാര്‍ട്ടി, പാര്‍ട്ടി എന്ന് പറഞ്ഞ് ഒന്നും മിണ്ടാൻ പ്രവര്‍ത്തകരെ സമ്മതിക്കില്ല. പി ശശിയെക്കുറിച്ച് നല്ല വാക്ക് പറയാൻ പിണറായി വിജയന് മാത്രമെ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി. മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണം. ഒരു റിയാസിന് വേണ്ടി മാത്രമല്ല ഈ പാര്‍ട്ടി. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ള തല്ല പാർട്ടി. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണ്. അൻവര്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ നേതൃത്വം എല്ലാം അഴിമതി കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് അൻവര്‍ പറഞ്ഞു. ഉന്നത നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. എന്ത് അഴിമതി കാണിച്ചാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന നിലയിലേക്ക് ഭരണം കേരളത്തെ എത്തിച്ചു. പൊതു പ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു എന്നതാണ് എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്‍റെ സംഭാവന. മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ആണ് സര്‍ക്കാര്‍ സംഭാവന. ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേടാണ്. പിന്നെയാണ് സാധാരണക്കാരുടെ കാര്യം അന്‍വര്‍ തുറന്നടിച്ചു.

പിണറായിയെ നയിക്കുന്നത് ഉപജാപ സംഘങ്ങള്‍ ആണ്. അങ്കിൾ എന്നാണ് അജിത് കുമാർ മുഖ്യമന്ത്രിയെ വിളിക്കുന്നത്. എങ്ങനെ ഇവര്‍ തമ്മില്‍ ഈ ബന്ധമുണ്ടായി. എഡിജിപി അജിത് കുമാറിനെതിരെ തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തത്.

മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്‍റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്‍റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താൻ ഉയര്‍ത്തി കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. താനിനി എല്‍ഡിഎഫ് പാര്‍ലിമന്‍ററി പാര്ട്ടി യോഗത്തിലേക്കില്ലന്നും എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവക്കില്ലന്നും അറിയിച്ചുകൊണ്ടാണ് അന്‍വര്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്.