വഴിയോര കച്ചവടക്കാര്‍ക്കും തിരച്ചറിയല്‍ കാര്‍ഡ്
ഇന്ത്യയില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്ത ആദ്യ സംസ്ഥാനമെന്ന ബഹുമതി ഇനി കേരളത്തിന് സ്വന്തം. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ പലയിടങ്ങളിലായി വഴിവാണിഭം നടത്തിവരുന്ന സുലൈഖ, സി.കെ സബീന, അബൂട്ടി, സി.വി അബ്ദുറഹിമാന്‍, വി ചന്ദ്രന്‍, സി പി ഹംസ, കൃഷ്ണന്‍ തുടങ്ങിയവര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനില്‍ നിന്ന് കാര്‍ഡുകള്‍ ഏറ്റുവാങ്ങിയതോടെ വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്ക് സ്മാര്‍ട്ട് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ കോര്‍പറേഷനെന്ന നിലയില്‍ കോഴിക്കോടിനും അഭിമാനിക്കാം.
കോര്‍പറേഷനില്‍ നടത്തിയ വിശദമായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. ഉപഭോക്താവിന് തെരുവു കച്ചവടക്കാര്‍ വിപണനം നടത്തുന്ന വ്യത്യസ്തമായ ഉത്പന്നങ്ങളുടെയും കച്ചവടക്കാരന്റെയും വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ മിഠായിത്തെരുവ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും www.nulm.susvkerala.org എന്ന വെബ്‌സൈറ്റും പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
സാമൂഹ്യസേവനത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടത്തിയ സര്‍വേയിലൂടെയാണ് വഴിയോര കച്ചവടക്കാരുടെ പട്ടിക തയാറാക്കിയത്. 2015 സെപ്റ്റംബറില്‍ ആരംഭിച്ച സര്‍വേയില്‍ 2036 തെരുവ് കച്ചവടക്കാരെ കണ്ടെത്തിയിരുന്നു.