അഗ്നിപഥിന് നേരെ രാജ്യവ്യാപകമായി പ്രക്ഷോഭം

Print Friendly, PDF & Email

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിന് നേരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാകുന്നു. ബിഹാറിലും ഉത്തർപ്രദേശിലും ആളിക്കത്തിയ പ്രതിഷേധം ദില്ലിയിലും തെലങ്കാനയിലുമടക്കം കനക്കുകയാണ്. യുപിയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുന്ന നിലയിലേക്കായിരുന്നു പ്രതിഷേധം കത്തിയത്. ബിഹാറില്‍ ട്രെയിനുകൾ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് നാളെ ബന്ദിനും ആഹ്വാനമുണ്ട്. തെലങ്കാനയിലാകട്ടെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ മരണപ്പെട്ടു.

ഹരിയാനയില്‍ പ്രക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് എന്നീ സേവനങ്ങള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ ബസുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന് അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു. അലിഗഡില്‍ ബസുകള്‍ കത്തിച്ചു. 100 പേര്‍ അറസ്റ്റിലായി.

ബീഹാറില്‍ പ്രതിഷേധവുമായെത്തിയ യുവാക്കള്‍ സരന്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയ്‌നിന് തീയിട്ടു. ബിജെപി അധ്യക്ഷന്റെ വീട് തകര്‍ക്കുകയും ചെയ്തു. ഒഡീഷയില്‍, പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും പൊതുമുതലുകള്‍ തകര്‍ക്കുകയും ചെയ്തു. ബിഹാറിലും, ഉത്തര്‍പ്രദേശിലും, ഹരിയാനയിലും, പശ്ചിമ ബംഗാളിലും, മധ്യപ്രദേശിലും വ്യാപക പ്രതിഷേധമാണ് തുടരുന്നത്. പലയിടത്തും ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് 34ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 72 ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. പ്രതിഷേധം 316 ട്രെയിനുകളെ ബാധിച്ചു. രാജ്യത്തുടനീളം 200 ട്രെയിനുകള്‍ റദ്ദാക്കുകയും ഏഴ് ട്രെയിനുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 19കാരൻ കൊല്ലപ്പെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധത്തില്‍ ‘റാങ്കില്ല, പെന്‍ഷനില്ല, 2 വര്‍ഷത്തേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റില്ല, നാല് വര്‍ഷത്തിന് ശേഷം സുസ്ഥിരമായ ഭാവിയില്ല, സൈന്യത്തോട് സര്‍ക്കാരിന് ബഹുമാനമില്ല’ എന്ന ട്വീറ്റ് വഴി രാഹുല്‍ ഗാന്ധി പദ്ധതിയെ വിമര്‍ശിച്ചു.

അഗ്നിപഥ് പ്രതിഷേധം 340 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ. 94 മെയിൽ എക്സ്പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. 11 മെയിൽ എക്സ്പ്രസുകൾ വഴി തിരിച്ചു വിട്ടു. അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. റെയില്‍വേ സ്റ്റേഷനുകളും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വെ വസ്തുവകകള്‍ ആക്രമിക്കരുതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് അഭ്യർത്ഥിച്ചു

നാല് വര്‍ഷത്തേക്ക് മാത്രം സൈന്യത്തിന്റെ ഭാഗമാക്കുന്ന പദ്ധതി കുറച്ചു കാലത്തേക്ക് സൈന്യം ഉപയോഗിച്ച് ശേഷം യുവാക്കളെ കരിയര്‍ ഇല്ലാത്തവരായി ഉപേക്ഷിക്കപ്പെട്ടവരാക്കുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. മാത്രമല്ല നാല് വര്‍ഷത്തെ സേവനത്തിന് പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബിജെപി നേതാക്കളും. അഗ്നിപഥ് പദ്ധതി പ്രകാരം നാല് വര്‍ഷത്തിന് ശേഷം 25 ശതമാനം അഗ്നിവീരരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ പിരിച്ചു വിടും. ഈ പിരിച്ചു വിടുന്നവരെ പാര്‍ലമെന്ററി സേനയിലുള്‍പ്പെടുത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ ഗവണ്‍മെന്റ് ജോലിയില്‍ അഗ്നിവീരര്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്ര ക്വാട്ട പ്രാതിനിധ്യമെന്നോ മറ്റു വിവരങ്ങളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലേക്ക് അഗ്നിപഥ് പ്രതിഷേധാഗ്നി കത്തുമ്പോഴും പദ്ധതിയുമായി മുന്നോട്ടെന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് ദിവസത്തിനുള്ളിൽ അഗ്നിപഥ് പദ്ധതിയിൽ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും ജനറൽ പാണ്ഡെ പറഞ്ഞു. 2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് വലിയ അവസരമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി അഗ്നിവീർ അംഗങ്ങളുടെ പ്രായപരിധി ഉയർത്തിയതോടെ കൊവിഡ് മഹാമാരിയിൽ ഇനി ഈ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പലർക്കും സൈന്യത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •