വിദേശ വിദ്യാർത്ഥികളെ യുക്രൈൻ ബന്ദികളാക്കുന്നു എന്ന ആരോപണം ആവർത്തിച്ച് റഷ്യ…?
ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദികളാക്കുന്നു എന്ന ആരോപണം ആവർത്തിച്ച് റഷ്യ. യുഎൻ രക്ഷാസമിതിയിൽ ആണ് റഷ്യ വീണ്ടും ഈ ആരോപണം ഉയര്‍ത്തിയത്. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നേരത്തെ ആരോപിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തിയിരുന്നു.
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഒരാഴ്ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഇടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. അതിര്‍ത്തികളില്‍ എത്തിച്ചേരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈന്‍ അധികൃതര്‍ സമ്മതിക്കുന്നില്ല എന്നും തങ്ങളോട് യുക്രൈന്‍ അധികൃതര്‍ വിവേചനം കാണിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്ന വിലയിരുത്തലിലാണ് പൊതുവെ ഉള്ളത് ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എങ്കിലും റഷ്യയുടെ ആരോപണം പ്രസക്തമായി തീരുന്നത്.
അതേസമയം, വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രൈനോടും വീണ്ടും ആവശ്യപ്പെട്ടു. ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താനാകുന്നില്ല. അതിനാല്‍ താൽക്കാലികമായെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.
റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. കീവിൽ വീണ്ടും ഷെല്ലാക്രമണം ഉണ്ടായി. മരിയോപോളിൽ ഭക്ഷണവും വെളളവും കിട്ടാതെ നിരവധി ജനങ്ങൾ ബങ്കറുകളിൽ കഴിയുകയാണ്. അതേസമയം, നോ ഫ്ലൈ സോൺ വേണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തിതിനെ സെലൻസ്കി വിമർശിച്ചു. ആണവനിലയത്തിലെ ആക്രമണത്തെ ചൊല്ലി യുഎൻ രക്ഷാസമിതിയിൽ റഷ്യയുടെയും യുക്രെയ്ന്‍റെയും വാക്പോരുമുണ്ടായി. ആണവ ഭീകരവാദമാണ് റഷ്യയുടേതെന്ന് യുക്രൈൻ പ്രതിനിധി പറഞ്ഞു. റഷ്യൻ ആക്രമണം മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും യുക്രെയ്ൻ വിമര്‍ശിച്ചു.
ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.