INDIANEWS MAIN

യാത്രാ ഇളവുകള്‍ നിര്‍ത്തലാക്കി റെയില്‍വേ

കൊവിഡിനെ തുടർന്ന് നിർത്തിവച്ച യാത്രാനിരക്കിലുള്ള ഇളവുകൾ പുനസ്ഥാപിക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകസഭയെ അറിയിച്ചു. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായപ്പോൾ മുതിർന്ന പൗരന്മാർക്കുൾപ്പെടെയുള്ള ഇളവുകൾ റെയിൽവേ നിർത്തലാക്കിയിരുന്നു. ട്രെയിനുകളുടെ എണ്ണം വെട്ടികുറച്ചതിനാലാണ് തെരഞ്ഞെടുത്ത വിഭാഗങ്ങളൊഴികെയുള്ളവരുടെ ടിക്കറ്റ് നിരക്കിലുള്ള ഇളവുകൾ റയിൽവേ നിർത്തലാക്കിയത്. എന്നാൽ ട്രെയിൻ യാത്ര പൂർവസ്ഥിതിയിലായിട്ടും ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിരുന്നില്ല. കൊവിഡ് മൂലമുണ്ടായ കനത്ത സാമ്പത്തികപ്രതിസന്ധി കാരണമാണ് ഇളവുകൾ വെട്ടികുറക്കാൻ നിർബന്ധിതമായതെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന് മുമ്പ് മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അദ്ധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ – കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങി 53 വിഭാഗങ്ങളില്‍ പെട്ടവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു ഇളവ് അനുവദിച്ചിരുന്നത്. അതേസമയം നാല് വിഭാഗങ്ങളിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ എന്നിവർക്ക് തുടർന്നും യാത്രാനിരക്കുകളിൽ ഇളവ് ലഭിക്കും.