‘ഒമിക്രോൺ’. ദക്ഷിണാഫ്രിക്കന്‍ വകഭേദമായ കൊവിഡ്-19 വൈറസിന് പുതിയ പേര്.

Print Friendly, PDF & Email

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ B.1.1.529 വൈറസിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ഗ്രീക്ക് അക്ഷരമാലയിലെ 15ാം മത്തെ അക്ഷരമാണ് ‘ഒമിക്രോൺ’. ഇന്ത്യന്‍വകഭേദമായ ഡല്‍റ്റാ നാലമത്തെ അക്ഷരവും. ഗ്രീക്ക് അക്ഷരമാല ക്രമത്തിലാണ് കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരു നല്‍കുന്നത്.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം B.1.1.529 ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം. ഇസ്രായേൽ, ഹോങ്കോംഗ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഇതോടെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ‘ഒമിക്രോൺ’ വകഭേദം ആഗോളതലത്തിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഡെൽറ്റയെക്കാൾ വ്യാപനശേഷി കൂടുതലായതിനാൽ ഇത് കൂടുതല്‍ അപകടകാരി ആയേക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

‘ഒമിക്രോൺ’ വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്സിനുകളുടെയെല്ലാം ലക്ഷ്യം സ്പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാൻ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്പൈക്ക് പ്രോട്ടീനുകൾ. അതുകൊണ്ട് മുമ്പത്തെ വകഭേദത്തേക്കാൾ വ്യാപനശേഷിയുള്ളതാക്കാൻ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകർ. ഡെൽറ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച കെ.417എൻ എന്ന ജനിതക വ്യതിയാനമാണ്. ഇപ്പോൾ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തിൽപ്പെട്ടതാണോയെന്ന് വ്യക്തമല്ല.