നായാട്ട് : ആരാണ് യഥാര്‍ഥ രക്തസാക്ഷികള്‍? [സിനിമ റിവ്യൂ]

Print Friendly, PDF & Email

തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പിന്നാലെ വന്ന് നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന കഥകളുള്ള പടങ്ങളുണ്ട്.  നായാട്ട് അത്തരം ഒരു സിനിമയാണ്. പ്രേക്ഷകരുടെ സാമൂഹ്യ അവബോധത്തെ കൈമുതലാക്കി ശക്തമായ രാഷ്ട്രീയം പറയുന്ന, സാമൂഹ്യ വിമര്‍ശനമുള്ള, സംഘര്‍ഷങ്ങളുള്ള ഒരു പൊലീസ് സ്റ്റോറിയാകുന്നു നായാട്ട്. സിനിമ കണ്ടു കഴിഞ്ഞ്, ദിവസങ്ങള്‍ കഴിഞ്ഞും നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ് എന്നിവരുടെ കഥാപാത്രങ്ങള്‍ അഭയത്തിനായി കേഴുന്ന കണ്ണുകളോടെ പ്രേക്ഷകരെ പിന്തുടരുന്ന മായാജാലം. കഥയിലെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ പോലെ തന്നെ ശക്തമാണ് ഇതിലെ ഓരോ കഥാപാത്രവും

മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും റിയലിസ്റ്റിക് ആയ ഒരു പൊലീസ് കഥാപാത്രം ആണ് തടിയനും കുടവയറനും മുരടനുമായ ജോജു അവതരിപ്പിച്ച മണിയന്‍ എന്ന എ.എസ്.ഐ. ചെന്നുപെടുന്ന പൊല്ലാപ്പുകളുടെ വ്യാപ്തി സ്വന്തം പൊലീസ് സേനയിലെ തന്‍റെ അനുഭവസമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ അതീവ കാര്‍ക്കശ്യത്തോടെ മറ്റിരുവരെയും ബോധ്യപ്പെടുത്തുന്ന ലീഡറാണ് മണിയന്‍. സിനിമ വേഗമാര്‍ജ്ജിച്ച ശേഷം മുറുകുന്ന നായാട്ടില്‍ നിന്നു രക്ഷപ്പെടാനായി ഓടുന്ന ഓട്ടത്തില്‍ കോണ്‍സ്റ്റബിള്‍മാരായ പ്രവീണിനെയും (കുഞ്ചാക്കോ ബോബന്‍) സുനിതയെയും (നിമിഷ സജയന്‍) നയിക്കുന്നതും മണിയനാണ്. ഏതു സ്റ്റേഷനിലും കാണാനാവുന്ന ‘തനി’ പൊലീസ് ഭാവം ഉള്ള, പരുവപ്പെട്ട ഒരോഫീസര്‍. ഈ സിനിമയിലെ ഫൈനസ്റ്റ് കാരക്റ്റര്‍ എന്ന് നിസ്സംശയം പറയാം. മണിയന്‍ നെഗറ്റീവാണോ എന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാനാവില്ല. അയാള്‍ക്ക് അങ്ങനെ ആകാനേ പറ്റൂ. ദളിതനായ അയാളെപ്പോലും സിസ്റ്റം അങ്ങനെ ആക്കിത്തീര്‍ത്താണെന്നും അതെങ്ങനെ സംഭവിച്ചിരിക്കാം എന്നും സിനിമ നമ്മളോട് ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. 

പ്രവീണ്‍ മൈക്കിള്‍ എന്ന പുതുക്കക്കാരനായ സിപിഓ ഒരു മുന്‍കാല പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ്. രോഗിയായ മാതാവാണ് പ്രവീണിന്‍റെ പ്രകടമായ ഒരു പശ്ചാത്തലം. അധ്വാനിക്കുന്ന, മിടുക്കുള്ള ഒരു ചെറുപ്പക്കാരനെയാണ് സിനിമയുടെ തുടക്കത്തില്‍തന്നെ പ്രവീണിലൂടെ നമുക്ക് കാണാനാവുക.

പ്രാരാബ്ധക്കൂട്ടില്‍ നിന്നും പൊലീസ് പണിക്കു പോകുന്നവളാണ് സുനിത എന്ന വനിതാ സിപിഒ. വീടുപണിയുടെ തിരക്ക് സംഭാഷണത്തിലും തുടക്കത്തിലെ സീനുകളിലും പശ്ചാത്തലത്തിലുമെല്ലാം നിറയുമ്പോള്‍ സുനിത എന്ന കഥാപാത്രത്തിന്‍റെ പരിചയപ്പെടുത്തല്‍ പൂര്‍ണ്ണമാകുന്നു. പ്രധാന സ്ത്രീകഥാപാത്രം എന്ന നിലയ്ക്ക് ഒത്തിണക്കത്തോടെ സംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും തഴക്കത്തോടെ അവതരിപ്പിക്കുന്നുണ്ട്.  നിമിഷ. ക്ലൈമാക്സിനോടടുത്തുള്ള നിമിഷയുടെ വീറുറ്റ ഡയലോഗ് അഭിനന്ദനീയമാണ്.

തിളക്കമുള്ള ഏതാനും കഥാപാത്രങ്ങളെ കൂടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാവില്ല.

1. മുഖ്യമന്ത്രി(ജാഫര്‍ ഇടുക്കി) – നിരവധി സൂക്ഷ്മാംശങ്ങള്‍ നിറഞ്ഞ ഒരു കഥാപാത്രം. വെള്ളം കുടിക്കാനായി ഗ്ലാസ് പിടിക്കുന്നതു മുതല്‍ നിരവധി കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയിട്ടുള്ള ഒരു നിര്‍മ്മിതിയാണ്. ക്ഷോഭിക്കാതെയും മാസ് ഡയലോഗിടാതെയും ശക്തമായി തന്നെ ചൊല്‍പ്പടിയില്‍ കൂടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ള പവര്‍ഫുള്‍ പൊളിറ്റീഷ്യനാണ് അയാള്‍. അതേ സമയം പൊളിറ്റിക്കല്‍ പ്രഷറിനും ടാക്റ്റിക്സിനും വേണ്ടി  പലതും സമ്മതിച്ചു കൊടുക്കേണ്ട നിസ്സഹായതയും അവ്വിധം കടുത്തസമ്മര്‍ദ്ദവും പേറുന്നൊരാള്‍. ഒരു അതികായന്‍റെ ശരീരം ഇല്ലാതിരുന്നിട്ടും ഈ റോള്‍ ജാഫര്‍ ഇടുക്കിയുടെ കയ്യില്‍ ഭദ്രമായത് കഥയിലെ പ്രാധാന്യവും അതിലുപരി അതിഭാവുകത്വമില്ലാത്ത അവതരണവും കൊണ്ടാണ്. 

2. അരുന്ധതി ( യമ ഗില്‍ഗാമേഷ്) – മറ്റൊരു ഉയര്‍ന്ന വനിതാ ഐ.പി.എസ് ഓഫീസര്‍ക്കും മലയാള സിനിമ ഇത്ര അന്തസ് കല്‍പിച്ചു നല്‍കിയിട്ടില്ല എന്ന് തോന്നുന്നു. സര്‍ക്കാരിന്‍റെ ചൊല്‍പടിക്ക് നില്‍ക്കുന്ന വീറുള്ള ഒന്നാംതരം വേട്ടപ്പട്ടി. ഈ കഥാപാത്രമാണ് പടത്തിന്‍റെ ടൈറ്റില്‍ അന്വര്‍ഥമാക്കുന്നത്. ആണ്‍കോയ്മയുടെ, അധികാരപ്രഭാവങ്ങളുടെ ആളിക്കത്തലില്‍ വീണുപോകുന്ന പതിവു കാഴ്ചയില്‍ നിന്നും വ്യത്യസ്തമാണ് അരുന്ധതിയുടെ വേഷം. അവര്‍ മേല്‍പ്പറഞ്ഞ സംഗതികളോട് ശക്തമായി കലഹിക്കുന്നു, സിസ്റ്റത്തിന്‍റെ ടൂള്‍ ആയി തുടരുമ്പോളും മിഷന്‍ പൂര്‍ത്തിയാക്കി തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.

3. അനില്‍ നെടുമങ്ങാട് – എന്തിനാണ് ഈ നടന്‍ ഇത്ര നേരത്തെ മരിച്ചു പോയതെന്ന് തോന്നിപ്പിക്കുന്നത്ര കൃത്യമായ പ്ലേസ്മെന്‍റും പെരുമാറ്റവും. ചെറുതെങ്കിലും മികച്ച റോള്‍.

4. ഡി.ജി.പി (അജിത് കോശി) – പൊളിറ്റിക്സ് അമ്മാനമാടുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ ഒന്നാംതരം അവതരണം ആണ് ഈ കഥാപാത്രത്തിലൂടെ കാണിച്ചു വച്ചിരിക്കുന്നത്. കമാന്‍റിങ് പവറും മുതലെടുക്കപ്പെടുമ്പോളും പഴി ഏല്‍ക്കേണ്ടി വരുമ്പോളുമുള്ള നിസ്സഹായതയും ഒരുപോലെ പേറുന്ന പകര്‍ന്നാട്ടം.

5. ബിജു എന്ന പ്രശ്നക്കാരന്‍ യുവാവ് (ദിനീഷ് ആലപ്പുഴ)- നല്ലൊന്നാംതരം ചൊറിയന്‍ കഥാപാത്രം. മലയാളസിനിമയിലെ എണ്ണം പറഞ്ഞ കലിപ്പډാരില്‍ ഒരാള്‍. പൊലീസ് സ്റ്റേഷനിലെ സെല്ലില്‍ ഇടികൊണ്ടു കിടക്കുമ്പോളും കൂസലില്ലാതെ ആക്രോശിക്കാന്‍ തക്ക തീയുള്ളവന്‍. രാഷ്ട്രീയം, ജാതീയത, കായിക-ക്രിമിനല്‍ ബലം എന്നിവകൊണ്ട് നിലവിട്ടുമാത്രം പെരുമാറത്തക്കവിധം കണ്ടീഷന്‍ ചെയ്യപ്പെട്ട കൂലിപ്പടയാളികളുടെ കറയറ്റ പ്രതിനിധി. പൊലീസ് സ്റ്റേഷനില്‍ ഇയാളെ മര്‍ദ്ദിക്കുന്നതാണ് കഥയുടെ വഴിത്തിരിവ് എന്നതിനാല്‍ ഇദ്ദേഹത്തിന്‍റെ കയ്യില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു.

ഷൈജു ഖാലിദിന്‍റെ ക്യാമറ വര്‍ക്ക് എടുത്തുപറയത്തക്കവിധം സുന്ദരമാണ്. പൊലീസ് സ്റ്റേഷന്‍റെ അകത്തളങ്ങളിലെ ടൈറ്റ്നെസ്സ്, ഏറെയുള്ള രാത്രി രംഗങ്ങളുടെ തീക്ഷ്ണത, അഞ്ചുനാടിന്‍റെയും മൂന്നാറിന്‍റെയും ഭൂഭംഗികള്‍ എല്ലാം മിഴിവോടെ ഒപ്പിയിട്ടുണ്ട്.  സംഗീതവിഭാഗം പറഞ്ഞാല്‍, കല്യാണവീട്ടില്‍ അവതരിപ്പിക്കപ്പെടുന്ന നാടന്‍ പാട്ടിനു താളം പിടിച്ചു പോകുന്ന വശ്യതയും സീനിനപ്പുറത്തുള്ള അര്‍ഥവും രാഷ്ട്രീയവുമുണ്ട്. മഹേഷ് നാരായണന്‍റെ എഡിറ്റിങ് സിനിമയുടെ വേഗം കൃത്യതയില്‍ നിര്‍ത്തുന്നതാണ്.

സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലമാണ് മുന്‍നിര കാരക്റ്ററുകളെ പ്രാണഭയത്തോടെ തന്നെ പരക്കം പായാന്‍ നിര്‍ബന്ധിതരാക്കുന്നത്. സര്‍ക്കാര്‍ തന്നെ താഴെപ്പോകാന്‍ സാധ്യതയുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ നടക്കുന്ന ഒരു ലോക്കപ്പ് മര്‍ദ്ദനം. രാഷ്ട്രീയ ലാഭത്തിനായി വക്രീകരിക്കപ്പെടുന്നു. പിന്നീട് അവിചാരിതമായി ഒരു മരണവും സംഭവിക്കുന്നു! നിര്‍ഭാഗ്യവശാല്‍ മര്‍ദ്ദിതനും പരേതനും ദളിതര്‍ കൂടി ആകുമ്പോള്‍ (അവിശ്വസനീയമായ) 50000 പിന്നാക്ക വോട്ടുകള്‍ ഉറപ്പിക്കാനുള്ള ഒരു രാഷ്ട്രീയ കരുവായി ഇതും തുടര്‍ന്നുള്ള സംഭവങ്ങളും മാറുന്നു.

സിനിമയുടെ തുടക്കത്തില്‍ പോസ്റ്റല്‍ ബാലറ്റ് ഞങ്ങളെ ഏല്‍പ്പിച്ചാല്‍ മതി എന്നു പറയുന്ന രാഷ്ട്രീയക്കാരെ കാണാം. രോഗിയായ അമ്മയെ വോട്ടു ചെയ്യാന്‍ അവര്‍ സഹായിക്കാമെന്ന് ഏല്‍ക്കുന്നു. വോട്ടുരാഷ്ട്രീയം താഴേക്കിടയില്‍ എപ്രകാരമെല്ലാം പ്രവര്‍ത്തിക്കുന്നു എന്നത് വൈവിധ്യത്തോടെയും ഗൗരവമായും കഥയില്‍ വരച്ചിടുന്നു. ദൈനംദിന ജീവിതത്തില്‍, പൊലീസ് നടപടികളില്‍,  ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള വോട്ടവകാശത്തില്‍ എല്ലാം പ്രായോഗികരാഷ്ട്രീയം എന്ന അര്‍ബുദം എത്രത്തോളം അരിച്ചിറങ്ങിയെന്ന് തുടക്കം മുതലേ വ്യക്തമാകുന്നു. തികച്ചും ഒരു ആന്‍റി സോഷ്യലായ ചട്ടമ്പിക്കെതിരെ പോലും നിയമനടപടി സ്വീകരിക്കാനാകാത്ത വിധം ജില്ലാ പൊലീസ് മേധാവി പോലും രാഷ്ട്രീയവിധേയത്വത്താല്‍ ഓച്ഛാനിച്ചു നില്‍ക്കുന്നല്ലോ എന്ന് സാമൂഹ്യബോധമുള്ള പ്രേക്ഷകനു തോന്നും. അതില്‍ അമര്‍ഷം തോന്നും! അതിനെ പിന്തുണയ്ക്കുന്ന (സിനിമയിലെ) സംസ്ഥാന രാഷ്ട്രീയ നേതൃത്വം കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും. അത്ര മുറുക്കമുള്ള ഒരു തീമിനെ കയ്യടക്കത്തോടെ എഴുതി വെയ്ക്കുകയും അതിന്‍റെ സത്ത ചോരാതെ വൈദഗ്ധ്യത്തോടെ ചലച്ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്. ‘ജോസഫ്’ എന്ന എണ്ണം പറഞ്ഞ സിനിമയിലൂടെ ശ്രദ്ധ നേടിയ ഷാഹി കബീറിന്‍റെ രചനാമികവും, തന്‍റെ മുന്‍കാല ചിത്രങ്ങളുടെ നിഴല്‍ വീഴാതെ പടമെടുത്ത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ പ്രതിഭയും പ്രത്യേകം അഭിനന്ദനീയമാണ്.

നിലനില്‍പ്പിനായുള്ള ഓട്ടങ്ങള്‍ക്കിടയില്‍ ഇരകള്‍ വേട്ടക്കാരും വേട്ടക്കാര്‍ മറ്റൊരു തരത്തില്‍ ഇരകളും ആയി മാറിമറിയാമെന്ന സത്യം വെളിപ്പെടുന്നു.  ഒപ്പം പ്രഷര്‍, ഡിപ്രഷന്‍, നിസ്സഹായത, നിരാശ, അസംതൃപ്തി എന്നിങ്ങനെ സിസ്റ്റത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന ഏതൊരാളുടെയും അനുഭവമാകാവുന്ന ജീവിതാവസ്ഥകളെ യഥാര്‍ഥമായി അടയാളപ്പെടുത്തുന്നുണ്ട് ഈ സിനിമ. കളിപ്പാവകള്‍ അപ്പോളും മറ്റുള്ളവര്‍ ചലിപ്പിക്കുന്ന ചരടുകള്‍ക്കൊത്ത് ആടിത്തിമിര്‍ക്കുന്നു. അരങ്ങിലേക്ക് തള്ളിയയ്ക്കപ്പെട്ടവരുടെ മുഖത്തേക്ക് ചാനലുകളുടെ ക്യാമറക്കണ്ണുകള്‍ തിരിയുന്നു. തകിടം മറിയാത്തത് ഇന്നും ജാതിവ്യവസ്ഥയില്‍ കാലൂന്നി നില്‍ക്കുന്ന, നെറികെട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ധാര്‍ഷ്ട്യം മാത്രം. സിനിമ അന്ത്യത്തോട് അടുക്കുമ്പോള്‍ മണിയന്‍ എന്തായിരുന്നു എന്തെല്ലാമായിരുന്നു എന്നതിന്‍റെ പൂര്‍ണ്ണരൂപം നമുക്ക് മനസിലാകും. മരണം കൊണ്ട് തീരാത്ത  ഒരുപിടി ചോദ്യക്കനലുകള്‍ വാരിയെറിഞ്ഞ് മറ്റിരുവരെയും അനിവാര്യമായ വിധിക്ക് വിട്ടുനല്‍കുകയാണ് കഥ. എല്ലാവരും നിലനില്‍പ്പിനായുള്ള ജീവډരണപ്പാച്ചിലില്‍. ഒടുക്കം ഒന്നിലേറെ (മരിച്ചവരും അല്ലാതെയുമുള്ള) രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് അര്‍ഥഗര്‍ഭമായ ഒരു സംഭാഷണത്തില്‍ സിനിമ പെട്ടെന്നങ്ങ് നില്‍ക്കുമ്പോള്‍ അതു പ്രേക്ഷകനു നല്‍കുന്ന ഷോക്ക് ചില്ലറയല്ല. അത് ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ആ അലോസരം തന്നെയാണ് ഈ സിനിമയുടെ വിജയവും അന്തസത്തയും.

രാജ്മോന്‍.എം.എസ്, കട്ടപ്പന. rajmonms@gmail.com

Pravasabhumi Facebook

SuperWebTricks Loading...