പ്രവാസികള്‍ക്കായി 2.5 ലക്ഷം എസി/നോണ്‍ എസി റൂമുകള്‍ ഒരുക്കി കേരളം. ഇനി തിരിച്ചു കൊണ്ടുവരേണ്ടത് കേന്ദ്രം…?.

എത്ര പ്രവാസികളെ തിരിച്ചു കൊണ്ടുവന്നാലും അവരുടെ എല്ലാ കാര്യങ്ങളും തങ്ങള്‍ നോക്കുകൊള്ളുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ച് കേരളം. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് പ്രവാസികളുടെ കാര്യത്തില്‍ കേരളം തങ്ങളുടെ നിലപാടറിയിച്ചത്. പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. തിരിച്ചു കൊണ്ടു വന്നാല്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ആവശ്യമായ പരിശോദനകളും, ക്വാറന്‍റൈന്‍ അടക്കമുള്ള നടപടികളും എടുക്കുവാന്‍ കേരളം തയ്യാറാണെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ കേരളം പൂര്‍ത്തിയാക്കിയെന്നും ആണ് പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ഹൃസ്വ സന്ദര്‍ശനത്തിനോ, സന്ദര്‍ശക വിസയിലോ പോയി കുടുങ്ങിയവരെ ആദ്യം കൊണ്ടുവരണം. തൊഴില്‍ നഷ്ടപ്പെട്ടു പോയവരെ തിരിച്ചു കൊണ്ട് വന്ന് അവരെ പുനരധിവസിപ്പിക്കുവാന്‍ കേരളം തയ്യാറാണെന്നും അതിന് കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നതായും അതിനുള്ള പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറയുന്നു.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കൂട്ടത്തോടെ തിരികെയെത്തുന്ന പ്രവാസികളെ സ്വീകരിക്കുവാന്‍ വന്‍ തയ്യാറെടുപ്പുകകളാണ് കേരളം നടത്തിയിരിക്കുന്നത്. തിരികെയത്തുന്നവരെ അതതു ജില്ലകളില്‍ പരിശോദിക്കുവാനും നിരീക്ഷണത്തിലാക്കുവാനും ഉള്ള വന്‍ തയ്യാറെടുപ്പുകളാണ് കേരളം നടത്തിവരുന്നത്. അതിനായി എല്ലാ ജില്ലകളിലും നിരീക്ഷണ കേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. പണം നൽകി ഉപയോഗിക്കാൻ പാകത്തിലുള്ളതും അല്ലാത്തതുമായ കെയർ സെന്ററുകളാണ് പ്രവസികൾക്കായി തയ്യാറാക്കുക. അതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങള്‍ ഒരുക്കുവാനും കളക്ടർമാർക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ രണ്ടരലക്ഷം മുറികൾ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 1.24 ലക്ഷം മുറികളിൽ എല്ലാസൗകര്യവും ഉറപ്പു വരുത്തി കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് മുറികൾ സജ്ജീകരിക്കുന്നതിനുള്ള ചുമതല. ആവശ്യമായി വന്നാല്‍ ആള്‍താമസമില്ലാത്ത വീടുകള്‍ ഏറ്റെടുത്ത് ക്വാറന്‍റയിന്‍ കേന്ദ്രങ്ങളാക്കുവാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

കുടുംബത്തോടൊപ്പം തിരികെയെത്തുന്ന പ്രവാസികള്‍ക്ക് എസി. സൗകര്യത്തോടെയുള്ള വീടുകളും വില്ലകളും തയ്യാറാക്കും. അതിന് പണവും ഈടാക്കും. ചെറിയ തുക മാത്രം ഈടാക്കുന്നതും പൂർണമായും സൗജന്യമായതുമായ താമസ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായി ഒരുക്കുന്നുണ്ട്. ആലപ്പുഴയിൽ പുരവഞ്ചികളിലടക്കം താമസസൗകര്യമാണൊരുക്കുന്നത്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളും റിസോർട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങൾ ഇതിനകം ഏറ്റെടുത്ത് കോവിഡ് കെയർ സെന്‍ററുകളാക്കി കഴിഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ 7500, 8100 മുറികള്‍ വീതവും തൃശൂർ കോഴിക്കോട് ജില്ലകളില്‍ 7581,  15,000 മുറികൾ വീതവുമാണ് ഇപ്പോള്‍ തന്നെ തയ്യാറാക്കിയിരിക്കുന്നത്. വയനാട് 135 കെട്ടിടങ്ങൾ തിരിച്ചുവരുന്ന പ്രവാസികളെ പാ‍ര്‍പ്പിക്കുവാനായി തയ്യാറായി കഴിഞ്ഞു. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളിലടക്കം 10,000 കിടക്കകൾ, മലപ്പുറത്ത് 15,000 കിടക്കകൾ കണ്ണൂർ 4000 കിടക്കകൾ എന്നിങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ താമസ സൗകര്യങ്ങള്‍ കണ്ടെത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് അതതു ജില്ലാ ഭരണാധികാരികള്‍.