സ്വകാര്യ ബസുകാരുടെ സമരം യാത്രക്കാരെ ബാധിച്ചില്ല
സ്വകര്യ ബസ്സകളുടെ അന്തര്‍സംസ്ഥാന സമരത്തെ തുടര്‍ന്ന് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. അതിനാല്‍ സ്വകാര്യ ബസുകാരുടെ സമരം യാത്രക്കാരെ അധികം ബാധിച്ചില്ല. എല്ലാ പ്രധാന ഡിപ്പോകളിലും അന്തര്‍ സംസ്ഥാന സര്‍വീസ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ കര്‍ണാടക സര്‍വീസുകളും ഉത്തരമേഖലയില്‍ നിന്ന് പുറപ്പെടുന്നുണ്ട്.
ഉത്തരമേഖലയില്‍ നിന്ന് സാധാരണയായി 40 സര്‍വീസുകളാണ് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നത്. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി നാല് അധികസര്‍വീസുകള്‍ കൂടി പുറപ്പെട്ടിരുന്നു. സമരം നീളുകയാണെങ്കില്‍ അധികസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ കെഎസ്ആര്‍ടിസി സജ്ജമാണെന്ന് ഉത്തരമേഖലാ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയരക്ടർ രാജേന്ദ്രന് പറഞ്ഞു. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ യാത്രക്കാരുണ്ടാവുക. സമരത്തിനു മുമ്പും ഈ ദിവസങ്ങളില്‍ പതിവിലും കൂടുതല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്താറുണ്ട്.
സാധാരണ സര്‍വീസുകളില്‍ സീറ്റുകള്‍ നിറഞ്ഞാലാണ് അഡീഷണല്‍ സര്‍വീസിലേക്കുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം ദിവസേന 21 ബസുകളിലായി 940 സീറ്റുകളാണ് കര്ണാടകത്തിലേക്കുള്ളത്. ഇതില്‍ 490 സീറ്റ് ബംഗളൂരുവിലേക്കും 450 സീറ്റ് മൈസൂരിലേക്കുമാണുള്ളത്.
ഇതിനു പുറമേ പൊന്നാനി-ബംഗളൂരു, കോട്ടയം -മൈസൂര്‍, എറണാകുളം -ബംഗളുരു, പിറവം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം -മൈസൂര്‍ സര്‍വീസുകളും കോഴിക്കോട് വഴി കടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തിയതോടെ ഈ സര്‍വീസുകള്‍ക്കെല്ലാം പുറമേ അധികമായി രണ്ടു സര്‍വീസുകള്‍ കോഴിക്കോട് നിന്ന് ആരംഭിച്ചിരുന്നു.