പരാജയം മണക്കുന്ന മോദി കൂടുതല്‍ തീവ്ര നിലപാടിലേക്ക്…
ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് ഒരു കാര്യം ബോധ്യമായി. 2014ലെ പോലെ ബിജെപിക്കനുകൂലമായ ഒരു തരംഗം ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 20 സംസ്ഥാനങ്ങളിലെ 90സീറ്റുകളിലും ദൃശ്യമായിട്ടില്ല. ഇത് പാർട്ടി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളില്‍ സമൂല മാറ്റം വരുത്തുവാനുള്ള തീരുമാനത്തിലാണ് ബിജെപി. വികസന വാഗ്നാനങ്ങളില്‍ മോദിയുടെ വാക്കുകള്‍ പണ്ടത്തെപോലെ ഫലിക്കുന്നില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതിനാല്‍ അറ്റകൈ പ്രയോഗത്തിനാണ് മോദിയും കൂട്ടരും കോപ്പുകൂട്ടുന്നത്. ജനങ്ങളെ പെട്ടന്ന് അനുകൂലമാക്കുവാന്‍ ഏറ്റവും നല്ലവഴി വിശ്വാസത്തെ കൂട്ടുപിടിക്കുക എന്നതാണെന്ന് അമിത്ഷാ-മോദി കൂട്ടുകെട്ടിന് മറ്റാരേക്കാളും നന്നായി അറിയാം.
വിശ്വാസങ്ങളേയും ആചാരങ്ങളേയും കൂട്ടുപിടിച്ച് ഹൈന്ദവവികാരം ഉണര്‍ത്തി ഭൂരിപക്ഷ മത ധൃുവീകരണത്തിനാണ് ബിജെപി ലക്ഷ്യം വക്കുന്നത്. അതിന്‍റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം കോഴിക്കോടു മോദി നടത്തിയത്. അതിന്‍റെ തുടര്‍ച്ചയായി അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിള്‍ നാട്ടിലും ശബരിമല വിഷയം എടുത്ത് പറഞ്ഞ് മോദി പ്രചാരണം നടത്തിയത്. ദക്ഷിണേന്ത്യ മുഴുവനും ശബരിമല വലിയ വിഷയമായി വളര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. വടക്കേ ഇന്ത്യയില്‍ രാമജന്മഭൂമി പോലെ ദക്ഷിണേന്ത്യയില്‍ ശബരിമലയും പ്രശ്നഭൂമി ആയി വളര്‍ത്താനുള്ള അപകടകരമായ നീക്കത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ തുടക്കം കുറിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് പോയ 91 സീറ്റുകളിൽ 32 സീറ്റുകൾ ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റുകള്‍ അതേപടി നിലനിറുത്താൻ കഴിയില്ലെന്നാണ് വോട്ടെടുപ്പിന് ശേഷം പാർട്ടി വിലയിരുത്തുന്നത്. ഏറ്റവും ചുരുങ്ങിയത് 10 സീറ്റുകള്‍ എങ്കിലും നഷ്ടപ്പെടും എന്നവര്‍ കണക്കുകൂട്ടുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ദളിതരുടേയും കര്‍ഷകരുടേയും ഇടയില്‍ മോദി തരംഗത്തിനു പകരം മോദി വിരുദ്ധ വികാരം തന്നെ അലയടിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ ഭയക്കുന്ന ബിജെപിയിൽ നിന്ന് കൂടുതല്‍ തീവ്ര നിലപാട് ഇനിയുളള ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
അതിന്‍റെ തെളിവാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത ധൃുവീകരണം നടത്തി കൂടുതല്‍ സീറ്റുകള്‍ നേടുവാനുള്ള ഈ ശ്രമം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നഷ്ടമാകുന്ന സീറ്റുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേടിക്കൊണ്ട് നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ബിജെപി. പക്ഷെ പൊതുവെ ജാതി വര്‍ഗ്ഗീയത കുറവായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഈ ലക്ഷ്യം എത്രമാത്രം വിജയിക്കും എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പു ഫലം നിര്‍ണ്ണയിക്കപ്പെടുക.