മലയാളികളുടെ വിമാന സ്വപ്നങ്ങള്‍ക്ക് വിട

Print Friendly, PDF & Email

യുഡിഎഫ് ഗവര്‍മ്മെന്റിന്റെ സ്വപ്ന പദ്ധതിയായിരുന്ന എയര്‍ കേരള പദ്ധതി സര്‍ക്കാര്‍ ഉപേഷിക്കുന്നു. വിമാനകമ്പനികളുടെ കൊള്ളയടിക്കല്‍ തടയുവാനും മലയാളികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര ഉറപ്പുവരുത്തുവാനുമായി 2006ല്‍ രൂപം കൊടുത്ത പദ്ധതിയാണ് ഒരു വ്യാഴവട്ട കാലത്തിനു ശേഷം ഉപേഷിക്കുന്നത്. ഇന്ന് നിലവിലുള്ള മാനദണ്ഡപ്രകാരം പദ്ധതി നടപ്പിലാക്കുവാന്‍ കഴിയില്ല എന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.

പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിച്ച് സിയാല്‍ (കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാതൃകയില്‍ കമ്പനി തുടങ്ങാനായിരുന്നു അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. അതിനായി എയര്‍ കേരള ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും തുടങ്ങി. 2013ല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു പദ്ധതിക്കു തുടക്കമിട്ടത്.

തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ വിമാനം കോള്‍ഡ് സ്റ്റോറേജിലായി. പിന്നീട് 2011ല്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് പദ്ധതിക്കു വീണ്ടും ജീവന്‍ വച്ചത്. അക്കാലങ്ങളില്‍ ഗവര്‍മ്മെന്റ് തലത്തില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്ന വിമാന കമ്പനി പിണറായി മന്ത്രി സഭ വന്നതോടെ പാടെ മറന്നിരിക്കുകയാണെന്ന് മുന്‍ വ്യോമയാന സഹ മന്ത്രി കെ.സി വേണുഗോപാല്‍ പറയുന്നു.

പ്രാരഭമൂലധനമായി 200 കോടി ഇക്വറ്റി ഷെയറുകളില്‍ നിന്ന് സംഭരിക്കുവാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടിയിരുന്നത്. ചിലവില്‍ 26% സംസഥാന ഗവര്‍മെന്റു കണ്ടെത്തുവാനും ബാക്കി 74% പ്രവാസി മലയാളികളുടെ ഇടയില്‍ നിന്ന് 10000 രൂപയുടെ ഷെയറായി സംഘടിപ്പിക്കാമെന്നും ആയിരുന്നു കണക്കുകൂട്ടിയിരുന്നത്. വിദേശത്തുള്ള 2.5 മില്ല്യണ്‍ മലയാളികള്‍ക്കിടയില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് 2ലക്ഷം മലയാളികളെങ്കിലും ഷെയറെടുത്ത് പദ്ധതിയുടെ ഭാഗമാകുമെന്നാണ് കണക്കു കൂട്ടിയിരുന്നത്.

ഏറ്റവും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സര്‍വ്വീസ് നടത്തി പരിചയമുള്ളവര്‍ക്കേ പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുവാന്‍ പാടുള്ളൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യയോമയാന നയമായിരുന്നു പദ്ധതിയുടെ നടത്തിപ്പിന് ആദ്യം തടസ്സമായി നിന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം പ്രസ്തു നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ കേരളത്തിന് ചിറകു മുളക്കുമെന്ന സ്വപ്നം വാനോളം ഉയര്‍ന്നു.

എന്നാല്‍ രാജ്യത്ത് അന്തരാഷ്ട്ര വിമാന സര്‍വ്വീസ് ആരംഭിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലും വേണം എന്നും അതില്‍ 20 ശതമാനം സീറ്റുകള്‍ ആഭ്യന്തര സര്‍വ്വീസിനായി മാറ്റിവെക്കുകയും വേണം എന്നുമുള്ള നിയമമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിക്കു മുമ്പില്‍ തടസ്സമായി നില്‍ക്കുന്നതെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. വിമാനങ്ങള്‍ വാടകക്കെടുത്ത് നിബന്ധനയെ മറികടക്കുവാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വാടകയിനത്തില്‍ വരുന്ന ഭീമമായ ചിലവ് മറികടക്കുവാന്‍ കഴിയുമോ എന്ന ഭയം ഗതാഗത വകുപ്പിനെ പിന്തിരപ്പിക്കുകയാണ്.

നേരാവണ്ണം ഒരു കെഎസ്ആര്‍ടിസി ബസ്സു പോലും ഓടിച്ച് ലാഭത്തില്‍ കൊണ്ടുവരുവാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയായി മാറിയിരിക്കുന്ന ഗതാഗത വകുപ്പ് വിമാന സര്‍വ്വീസ് ആരംഭിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന് മറ്റൊരു ചുമടായി മാറുമെന്ന ഭയമാണ് എയര്‍ കേരള പദ്ധതിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടു പോകുവാന്‍ കാരണം.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply