സിറിയയെ മുച്ചൂടും മുടിച്ച് ഇസ്രായേല്‍ വ്യോമാക്രമണം.
സിറിയയിൽ പ്രസിഡൻ്റ് ബാഷർ അൽ അസദിനെ പുറത്താക്കി തീവ്രവാദി നേതാവ് അബു മുഹമ്മദ് അൽ ജോലാനിയുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമും (HTS) ഡമാസ്കസ് പിടിച്ചടക്കിയതിനു പിന്നാലെ ഡിസംബർ 10-ന് രാത്രി ഇസ്രായേൽ വ്യോമസേന സിറിയയിലുടനീളമുള്ള 250-ലധികം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തി. ഇസ്രയേലിൻ്റെ ആർമി റേഡിയോ ഗലേയ്ത്സഹലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “ഇസ്രായേൽ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തനങ്ങളിലൊന്ന്” എന്നാണ് ഇസ്രായേലിൻ്റെ പ്രതിരോധ സ്ഥാപനത്തിലെ ഒരു സ്രോതസ്സ് ഈ അക്രമണത്തെ വിശേഷിപ്പിച്ചത്.

ഇസ്രായേൽ വ്യോമാക്രമണത്തില്‍ ഡമാസ്‌കസിന് പുറത്തുള്ള മെസ്സെ സൈനിക വ്യോമതാവളത്തില്‍ കത്തിനശിച്ച സിറിയൻ സൈനിക ഹെലികോപ്റ്ററുകള്‍. (Photo – ബക്കർ അൽകാസെം/എഎഫ്‌പി)
സിറിയൻ വ്യോമസേനയുടെ ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ, വിമാനവേധ മിസൈൽ സംവിധാനങ്ങൾ, ആയുധ നിർമ്മാണ, സംഭരണ സൗകര്യങ്ങൾ, ഉപരിതലത്തിൽ നിന്ന് ഉപരിതല മിസൈലുകളുടെ ശേഖരം എന്നിവയെയെല്ലാം ഇസ്രായേലിന്‍റെ വ്യോമസേന തകര്‍ത്തെറിഞ്ഞു. ഡമാസ്കസിനടുത്തുള്ള ബർസ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് നേരെയും ആക്മണമുണ്ടായെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. രാസായുധ നിർമ്മാണവുമായി ബന്ധമുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ സംശയിക്കുന്ന കേന്ദ്രമാണിത്.

ഡമാസ്‌കസിന് പുറത്തുള്ള മാസെ മിലിട്ടറി എയർപോർട്ടിൽ ഇസ്രായേൽ ആക്രമണത്തില്‍ തകര്‍ന്ന യുദ്ധവിമാനങ്ങള്‍ (ഫോട്ടോ – Bakr ALKASEM / AFP)
സിറിയയിലെ മൂന്ന് പ്രധാന വ്യോമതാവളങ്ങളായ വടക്കൻ സിറിയയിലെ ഖാമിഷ്ലി, സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിലെ എയര്‍പോര്‍ട്ട്, ഡമാസ്കസിലെ മെസ്സെ എയർപോർട്ട് എന്നിവയും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി. ദേർ എസോർ പ്രവിശ്യയിലെ ആയുധ ഡിപ്പോകളിലും വടക്കുകിഴക്കൻ ഖമിഷ്‌ലി സൈനിക വിമാനത്താവളത്തിലും ആക്രമണമുണ്ടായതായി ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നശിപ്പിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. മുൻ സിറിയൻ നാവികസേനയുടെ ബോട്ടുകൾ ലതാകിയ തുറമുഖത്ത് നശിപ്പിക്കപ്പെട്ടു, കൂടാതെ മെഡിറ്ററേനിയന് സമീപമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇസ്രായേല്‍ ലക്ഷ്യം വച്ചതായി സിറിയൻ സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

- ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഡമാസ്‌കസിന് വടക്കുള്ള ബർസ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൻ്റെ ഭാഗങ്ങൾ കത്തുന്നു. (Photo – Beshara/AFP)
വടക്കൻ ഡമാസ്‌കസിലെ ബാർസ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തില്‍ നിരവധി ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങൾ തകർന്നു. ജെമ്രായ (ഡമാസ്‌കസിൻ്റെ വടക്ക്), മസ്യാഫ് (ഹമാ പ്രവിശ്യയുടെ പടിഞ്ഞാറ്) എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളും ഡമാസ്‌കസിൻ്റെ തെക്കുകിഴക്കുള്ള അഖ്‌റാബ പ്രദേശത്തുള്ള ഒരു ഇലക്ട്രോണിക് യുദ്ധ നിയന്ത്രണ കേന്ദ്രവും ഇസ്രായേല്‍ തകര്‍ത്തു. ഇറാന്‍റെ മേല്‍നോട്ടത്തില്‍ നൂതന മിസൈലുകൾ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി എന്ന് പ്രാദേശിക സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

- തുറമുഖ നഗരമായ ലതാകിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട സിറിയൻ നാവിക കപ്പലുകള്‍ (Photo – AAREF WATAD / AFP)
ഇസ്രയേലിൻ്റെ വ്യോമസേന സിറിയയിൽ ആരംഭിച്ച ഓപ്പറേഷൻ ആരോ ഓഫ് ബാഷാൻ/ഗോലാൻ എന്ന സൈനിക നടപടിയുടെ പ്രധാന ഭാഗം പൂർത്തിയാക്കിയതായും സിറിയൻ സൈന്യത്തിൻ്റെ 80 ശതമാനം സൈനിക ശേഷിയും നശിപ്പിച്ചതായും 15 മിസൈൽ ബോട്ടുകൾ മുക്കിയതായും ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു.
ഞായറാഴ്ച രാത്രി ഓപ്പറേഷൻ ആരംഭിച്ചതു മുതൽ, ഇസ്രായേൽ സൈന്യം സിറിയന്‍ സൈന്യത്തിന്‍റെ ഭാഗമായുണ്ടായിരുന്ന യുദ്ധവിമാനങ്ങൾ, യുദ്ധ ഹെലികോപ്റ്ററുകൾ, ഉപരിതല മിസൈല്‍ ബാറ്ററികള്‍ , സ്‌കഡ്, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, ആയുധ ഡിപ്പോകൾ, വെടിമരുന്ന് നിർമ്മാണ സൈറ്റുകൾ, സൈനിക സൈറ്റുകൾ എന്നിവ നശിപ്പിച്ചതായി ഇസ്രായേല്‍ ആർമി റേഡിയോ അവകാശപ്പെട്ടു.

