INDIANEWS MAIN

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ വന്‍ ഇടിവ്…!

2020-21 കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ ഗണ്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ 41.5 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, സിപിഐഎം തുടങ്ങി എല്ലാ പ്രമുഖ പാര്‍ട്ടികളുടേയും സംഭാവനയും വരുമാനവും ഇടിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബിജെപി സംഭാവനയില്‍ 39 ശതമാനമാണ് കുറവുണ്ടായത്. വരുമാനം 786 കോടിയില്‍ നിന്നും 477 കോടിയിലേക്ക് താഴ്ന്നു. കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയിലും 2020ല്‍ വലിയ ഇടിവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം സംഭാവനയാണ് കുറഞ്ഞത്. സംഭാവന 139 കോടിയില്‍ നിന്നും 74 കോടിയായി ചുരുങ്ങി.സിപിഐഎം സംഭാവനയിലും ഗണ്യമായ കുറവുണ്ടായി. മുന്‍വര്‍ഷത്തഎ അപേക്ഷിച്ച വരുമാനം 34 ശതമാനം ഇടിഞ്ഞു. 19 കോടിയില്‍ നിന്ന് സംഭാവന 12 കോടിയിലേക്ക് ചുരുങ്ങുകയായിരുന്നു. ബിഎസ്പിക്ക് 2020-21 കാലയളവില്‍ 20,000 രൂപയ്ക്ക് മുകളില്‍ യാതൊരുവിധ സംഭാവനയും ലഭിച്ചിട്ടില്ല.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിലധികം ഇടിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ നിന്ന് 2020ലേക്കെത്തുമ്പോള്‍ ബിജെപിയുടെ ചെലവുകളും കുറഞ്ഞിട്ടുണ്ട്. 2020-21 കാലത്ത് ബിജെപി നേടിയ വരുമാനം 752.33 കോടി രൂപയാണ്. എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 3623 കോടി വരുമാനം നേടാന്‍ സാധിച്ചിരുന്നു. സംഭാവന 577 കോടിയും ബോണ്ടുകളില്‍ നിന്ന് 22.38 കോടിയുമാണ് ബിജെപിക്ക് വരുമാനം ലഭിച്ചത്.

2019ല്‍ ഇലക്ട്രല്‍ ബോണ്ടുകളില്‍ നിന്ന് ബിജെപിക്ക് റെക്കോര്‍ഡ് വരുമാനമാണ് ലഭിച്ചത്. 2555 കോടി രൂപ ബോണ്ടുകളില്‍ നിന്ന് മാത്രം പാര്‍ട്ടി നേടി. 2020-21 കാലയളവില്‍ 620 കോടി മാത്രമാണ് ബിജെപി ചെലവാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായ 2019ല്‍ 1651 കോടി പാര്‍ട്ടി ചെലവിട്ടു. കഴിഞ്ഞ മാസം 21നാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വെള്ളിയാഴ്ചയാണ് കമ്മിഷന്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.