അറസ്റ്റിന്റെ അനിവാര്യത ബോധ്യപ്പെടുത്താനായില്ല; പി.സി.ജോര്‍ജിന്റെ ജാമ്യ ഉത്തരവ് പുറത്ത്.
പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്തുവന്നു. പി.സി.ജോര്‍ജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്‌തെന്ന് ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ ജാമ്യം അനുവദിക്കാന്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്. മൂന്നു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് പി.സി.ജോര്‍ജ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണമെന്ന് കോടതി പറയുന്നു. എന്നാല്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്തുവെന്ന കാര്യം കോടതിയെ പൊലീസിന് ബോധ്യപ്പെടുത്താനായില്ല.
70 കഴിഞ്ഞ പൊതുപ്രവര്‍ത്തകനായ പി.സി.ജോര്‍ജിന് പ്രമേഹ രോഗവുമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകന്‍ കേസില്‍ ഹാജരായിരുന്നില്ല. പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാതെ ജാമ്യം അനുവദിക്കാന്‍ മുന്‍ കോടതി വിധികളുണ്ട്. മുമ്പ് സമാനമായ കേസുകള്‍ ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു. അതിനാല്‍, പി.സി.ജോര്‍ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്കായി പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ, അല്ല പി.സി.ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ച പിസി ജോര്‍ജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വെച്ച് മതവിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
അതിനിടയില്‍ മതവിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം തിരുവനന്തപുരം ഫോര്‍ട് എസിപിക്ക് കൈമാറി. നേരത്തെ ഫോര്‍ട് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്നു കേസ് അന്വേഷിച്ചത്.