ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചതായി അമേരിക്ക.
ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചതായി അമേരിക്ക. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അല്‍ഖുറൈഷി കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിലൂടെ അറിയിച്ചു. സൈനികരുടെ ധീരതയ്ക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു. സൈനിക നീക്കത്തിനു ശേഷം എല്ലാ യുഎസ് സൈനികരും തിരിച്ചെത്തിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം ആക്രമണത്തിൽ ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് പ്രത്യേക സേന നടത്തിയ രാത്രികാല വ്യോമാക്രമണത്തിനിടെ ഖുറാഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖുറാഷി പൊട്ടിത്തെറിച്ചതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഖുറേഷിയുടെ കുടുംബത്തിലെ അംഗങ്ങളും കൊല്ലപ്പെട്ടു. അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 2019 ഒകടോബർ 31 ന് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ ഐസ് തലവനായി അവരോധിച്ചത്.