ലോക രാഷ്ട്രീയം മാറി മറിയുന്നു. പുതിയ രാഷ്ട്രീയ ചേരികള്‍ രൂപം കൊള്ളുന്നതായി സൂചന.
ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന നാറ്റോ സഖ്യ വിപുലീകരണ ശ്രമത്തെ എതിര്‍ത്ത് റഷ്യയും ചൈനയും കൈകോര്‍ക്കുന്നു. തങ്ങള്‍ റഷ്യയുടെ അക്രമണ ഭീഷണി നേരിടുകയാണെന്ന് പറഞ്ഞ് ഉക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്കി തന്നെ രംഗത്തെത്തിയിരുന്നു. അമേരിക്ക റഷ്യ – ഉക്രൈന്‍ അതിര്‍ത്തിയില്‍ വന്‍ തോതില്‍ ആയുധവും സൈനീകരെയും വിന്യസിച്ചത് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസ് ഉം റഷ്യയുടെ തമ്മിലുള്ള വാഗ്വാദത്തിന് വഴി വച്ചിരുന്നു. ഇതേ തുടര്‍ന്ന് റഷ്യ ഒരു പക്ഷത്തും മറുപക്ഷത്ത് നാറ്റോ സഖ്യ കക്ഷികളായ യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരും നിലയുറപ്പിച്ചത് സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിച്ചു. അതിനിടെ നാറ്റോയുടെ സൈനീക സഖ്യ വിപുലീകരണത്തെ എതുര്‍ക്കാന്‍ സഹകരിക്കുവാന്‍ തയ്യാറാണെന്ന്, ശൈത്യകാല ഒളിംപിക്സിനെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിനോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വീണ്ടുമൊരു ശീതകാല യുദ്ധത്തിനുള്ള സാധ്യത തുറക്കുകയാണോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.
യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സമ്മർദത്തിനെതിരെ ഒരുമിച്ച് നീങ്ങാനും കൂടുതൽ നാറ്റോ വിപുലീകരണത്തെ എതിക്കാനും ചൈന റഷ്യയ്ക്കൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചത്. ശീതകാല ഒളിമ്പിക്‌സിനായി റഷ്യയുടെ വ്‌ളാഡിമിർ പുടിന്‍റെ ചൈനാ സന്ദർശന വേളയിൽ മോസ്കോയും ബീജിംഗും നിരവധി കരാറുകളില്‍ സംയുക്ത പ്രസ്താവന ഇറക്കി. റഷ്യയെ തുരങ്കം വയ്ക്കാൻ പാശ്ചാത്യ ശക്തികൾ നാറ്റോ പ്രതിരോധ സഖ്യത്തെ ഉപയോഗിക്കുന്നുവെന്ന് പുടിൻ അവകാശപ്പെട്ടു. അതോടൊപ്പം തങ്ങള്‍ക്ക് ഉക്രൈന്‍ അക്രമിക്കാനുള്ള പദ്ധതിയില്ലെന്നും പുടിന്‍ ആവര്‍ത്തിച്ചു. ഇതിനകം ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനും ഇടയില്‍ റഷ്യന്‍ സൈനീകരും യന്ത്രവത്കൃത കവചിത വാഹനങ്ങളും മോട്ടോറുകളും ടാങ്കുകളും റഷ്യ, ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു കഴിഞ്ഞെന്ന് നാറ്റോയും ആരോപിക്കുന്നു. റഷ്യക്കാരും ഉക്രേനിയക്കാരും “ഒരു രാഷ്ട്രം” ആണെന്നാണ് പുടിന്‍റെ വാദം. അതിനാല്‍ നാറ്റോ സഖ്യത്തില്‍ നിന്ന് ഉക്രൈന്‍ പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ തടയുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്നു ഉക്രൈനെങ്കിലും യുഎസ്എസ്ആര്‍ തകര്‍ന്നപ്പോള്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയായിരുന്നു.
ഷി ജിങ് പിങും പുടിനും ഒപ്പിച്ച ദൈർഘ്യമേറിയ സംയുക്ത പ്രസ്താവനയില്‍ ഉക്രൈനെ കുറിച്ച് നേരിട്ട് പരാമര്‍ശമില്ലെങ്കിലും നാറ്റോ ശീതയുദ്ധ സിദ്ധാന്തം ഉയര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചു. ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് റഷ്യ – ചൈന ചർച്ചകൾ നടന്നത്. കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു രാഷ്ട്ര നേതാക്കളും പരസ്പരം കാണുന്നത്. റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന് പരിധികളില്ല, സഹകരണത്തിന്‍റെ ‘നിരോധിത’ മേഖലകളൊന്നുമില്ല,” സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുഎസും യുകെയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഓക്കസ് സുരക്ഷാ ഉടമ്പടിയിൽ തങ്ങൾക്ക് ഗൗരവമേറിയ ആശങ്കയുണ്ടെന്ന് ഇരു രാജ്യങ്ങളും പറയുന്നു. ഏഷ്യ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയ ആണവ അന്തർവാഹിനികൾ നിർമ്മിക്കുമെന്ന് ഓക്കസ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ ചൈനാ കടൽ പോലുള്ള തർക്ക പ്രദേശങ്ങളിൽ ചൈന സംഘർഷം സൃഷ്ടിക്കുന്നുവെന്നും ഇതിനെ ചെറുക്കാനുള്ള യുഎസ് ശ്രമമാണിതെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഉക്രൈന്‍ വിഷയത്തില്‍ ചൈന നല്‍കുന്ന പിന്തുണയ്ക്ക് പകരമായി തായ്‍വാന്‍റെ കാര്യത്തില്‍ റഷ്യ, ചൈനയെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. സ്വയം ഭരണമുള്ള തായ്‍വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്ന് ചൈന വളരെക്കാലമായി അവകാശപ്പെടുന്നു. ഇതിന്‍റെ ഭാഗമായി പലപ്പോഴും തായ്‍വാന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ചൈന ശ്രമിക്കുന്നതായും തായ്‍വാന്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തായ്‍വാന്‍ വിഷയത്തില്‍ റഷ്യ, ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നതും ഏറെ ഗൌരവത്തോടെയാണ് ലോകം നോക്കികാണുന്നത്.