ഹൂത്തികൾക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൊദൈദ തുറമുഖത്ത് വീണ്ടും ഇസ്രായേൽ ആക്രമണം.
“ഹൂതി ഭീകര ഭരണകൂടത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ” ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തിങ്കളാഴ്ച യെമനിലെ ഹൊദൈദ തുറമുഖത്ത് വ്യോമാക്രമണം നടത്തി.
തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് ഉപകരണങ്ങൾ, ഇന്ധന ടാങ്കുകൾ, ഇസ്രായേലിനെതിരേയും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനെതിരേയും ഉപയോഗിക്കുന്ന നാവിക കപ്പലുകൾ സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെ വ്യോമാക്രമണം നശിപ്പിച്ചതായി ഐഡിഎഫ് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
“തിങ്കളാഴ്ച, ഹൊദൈദ തുറമുഖത്ത് ഹൂതി ഭീകര ഭരണകൂടത്തിന്റെ ഭീകര ലക്ഷ്യങ്ങൾ ഇസ്രായേൽ സൈന്യം ആക്രമിച്ചു, മുമ്പ് ആക്രമിക്കപ്പെട്ട ഭീകര അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള ഏതൊരു ശ്രമവും തടയാൻ ശക്തമായി നടപടി സ്വീകരിക്കുന്നു” എന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലും ഇറാനും തമ്മിലുള്ള സമീപകാല സംഘർഷത്തെ പരാമർശിച്ച് “യെമന്റെ വിധി ടെഹ്‌റാന്റേതിന് സമാനമായിരിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂത്തികളുമായി ബന്ധമുള്ള അൽ-മസിറ ടെലിവിഷൻ ചാനൽ ആക്രമണം സ്ഥിരീകരിച്ചു, “ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയതായി ചാനല്‍ റിപ്പോർട്ട് ചെയ്തു. ഇസ്രായേല്‍ നടത്തിയ മുൻ ആക്രമണങ്ങൾക്ക് ശേഷം പുനർനിർമിച്ച തുറമുഖത്തിന്റെ ഡോക്ക് നശിപ്പിക്കപ്പെട്ടു എന്ന് ഒരു ഹൂത്തി സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
ഈ വർഷം ജൂണിൽ ആണ് ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ ആദ്യത്തെ കടൽ ആക്രമണം ആരംഭിച്ചത്. അന്ന് ഇസ്രായേൽ യെമനിലെ വിമതരുടെ കൈവശമുള്ള തുറമുഖ നഗരമായ ഹൊദൈദിയില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.

