കോണ്‍ഗ്രസ് സഹകരണത്തെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റിയില്‍ വിഎസിന്റെ കത്ത്

Print Friendly, PDF & Email

ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തില്‍ കടുംപിടിത്തമല്ല, വഴക്കമാണു വേണ്ടതെന്നും കത്തില്‍ വിഎസ് പറയുന്നു.

കൊല്‍ക്കത്ത: കോണ്‍ഗ്രസ് സഹകരണത്തെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റിയില്‍ വി.എസ്.അച്യുതാനന്ദന്റെ കത്ത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലും സഹകരിക്കാന്‍ പാടില്ല എന്ന കാരാട്ട്-പിണറായി പക്ഷ നിലപാടിനെ ശക്തമായ ഭാഷയില്‍ തള്ളിക്കളഞ്ഞും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണ വ്യക്തമാക്കിയുമുള്ളതാണു കത്ത്.

ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തില്‍ കടുംപിടിത്തമല്ല, വഴക്കമാണു വേണ്ടതെന്നും കത്തില്‍ വിഎസ് പറയുന്നു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാനുള്ള സിസി യോഗത്തിന് മുന്നോടിയായിട്ടാണ് വിഎസ് കത്തു നല്‍കിയത്.

ത്രിദിന സിസി യോഗം വ്യാഴാഴ്ച തുടങ്ങി. സിസിയിലെ പ്രത്യേക ക്ഷണിതാവായ വിഎസ്, ഡോക്ടറുടെ നിര്‍ദേശാനുസരണം വിശ്രമത്തിലായതിനാല്‍ സിസിക്ക് എത്തിയിട്ടില്ല. കത്ത് കഴിഞ്ഞദിവസം തന്നെ സിസി അംഗങ്ങള്‍ക്കു ലഭ്യമാക്കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ ബദല്‍ രേഖയുമാണു ഇന്ന് സമാപിക്കുന്ന സിസി പരിഗണിക്കുന്നത്.

പ്രമേയത്തിലെ രാജ്യാന്തര കാര്യങ്ങളെക്കുറിച്ചുള്ള ഭാഗത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും യോജിപ്പാണ്. ആ ഭാഗം യച്ചൂരി അവതരിപ്പിച്ചു. അതിനുശേഷം ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബദല്‍രേഖ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു; പിന്നാലെ, യച്ചൂരി തന്റെ നിലപാടും. കോണ്‍ഗ്രസുമായി ധാരണയ്ക്ക് അവസരമുണ്ടാക്കുന്നതു സഖ്യത്തില്‍ എത്തുമെന്ന് കാരാട്ട് വാദിച്ചു. കാരാട്ട്പക്ഷവുമായി അഭിപ്രായ ഐക്യത്തിനു പരമാവധി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നു രേഖ അവതരിപ്പിച്ച് യച്ചൂരി പറഞ്ഞു. എ.കെ.ബാലന്‍, എ.വിജയരാഘവന്‍, എളമരം കരീം, ഇ.പി.ജയരാജന്‍ എന്നിവരുള്‍പ്പെടെ 25 പേര്‍ വ്യാഴാഴ്ച പ്രസംഗിച്ചു.

 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply