ഡിസംബര്‍ 25ന് ഭാര്യയ്ക്കും അമ്മയ്ക്കും കുല്ഭൂഷണ് ജാദവിനെ കാണാന്‍ അനുമതി
ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ ഡിസംബര്‍ 25ന് ഭാര്യയ്ക്കും അമ്മയ്ക്കും കാണാം. പാക് വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയത്. കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാക് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നാണ് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
കുല്‍ഭൂഷണിന് കുടുംബവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി കഴിഞ്ഞ ജൂലൈ മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ജാദവിന്റെ അമ്മ വിസ അപേക്ഷയും നല്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് കത്തും അയച്ചെങ്കിലും പാകിസ്താന് പ്രതികരിച്ചിരുന്നില്ല. കുല്‍ഭൂഷണിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി 18 തവണ പാകിസ്താന് തളളിയിരുന്നു. കുല്ഭൂഷണ് ഒരു ‘സാധാരണ’ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നത്.