അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; ദുരൂഹത…?

Print Friendly, PDF & Email

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ ആണ് കാരവന്‍ മാഗസിനില്‍ അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടി ലേഖനം എഴുതിയിരിക്കുന്നത്. 2014 നവംബര്‍ 31 ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പട്ടെ ലോയ അന്നു രാത്രി അവിശ്വസനീയ സാഹചര്യങ്ങളില്‍ മരണപ്പെടുകയായിരുന്നു.

സപ്ന ജോഷി എന്ന സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹത്തിന്, താല്‍പര്യമില്ലാതിരുന്നിട്ടും രണ്ട് സഹ ജഡ്ജിമാര്‍ ബ്രിജ് ലോയയെ കൊണ്ടുപോവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്‍ 40 മിനുട്ടോളം സംസാരിച്ചിരുന്നു. ഇതായിരുന്നു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന ബന്ധം. പിറ്റേന്ന് പുലര്‍ച്ചെ, ലോയ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പിതാവ് ഹര്‍കിഷന്‍ ലോയക്കും ഭാര്യ ശര്‍മിളക്കും സഹോദരി അനുരാധ ബിയാനിക്കും ലഭിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ ഡാന്റെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു വിധേയനാക്കിയെന്നും പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയായ മെഡിട്രിനയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു എന്നുമാണ് കുടുംബത്തിനു ലഭിച്ച വിവരം എന്ന് ലേഖനത്തില്‍ പറയുന്നു.

ബ്രിജ് ലോയയുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളുണ്ടെന്നും കൊലപാതകം ആവാനുള്ള സാധ്യതകള്‍ നിരവധിയാണെന്നും സഹോദരി അനുരാധ ബിയാനി പറയുന്നു. സിറ്റിങ് ജഡ്ജിയായ ലോയയെ ഓട്ടോറിക്ഷയിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഡാന്റെ ആസ്പത്രിയിലെ സ്‌റ്റെപ്പുകള്‍ നടന്നു കയറിയ അദ്ദേഹം അവിടെ നിന്ന് മെഡിട്രിനയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു എന്നത് അവിശ്വസനീയമാണ്. കുടുംബത്തില്‍ ആരെയും അറിയിക്കാതെയാണ് പോസ്റ്റ്‌പോര്‍ട്ടം നടത്തിയത്. മെഡിക്കല്‍ വിദഗ്ധയായ താന്‍ മൃതദേഹത്തില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്‍ ആ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു അനുരാധ പറയുന്നു.

അതിരാവിലെ 6.15നാണ് ലോയ മരിച്ചത് എന്നാണ് പൊലീസ് റെക്കോര്‍ഡുകളില്‍ ഉള്ളത്. എന്നാല്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവായ ഈശ്വര്‍ ബഹേതി എന്നയാള്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം സംബന്ധിച്ച് വിവരം നല്‍കാന്‍ കുടുംബത്തെ വിളിച്ചിരുന്നുവെന്ന് ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെ പറയുന്നു. സ്വദേശമായ ലാഹോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ്ഗാവിലെ ആസ്പത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ചെയ്യാമെന്ന് ബഹേതി കുടുംബത്തെ അറിയിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിറയെ ദുരൂഹതകളാണെന്നും കുടുംബത്തിന്റെ അനുമതി പത്രമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും അനുരാധ ആരോപിക്കുന്നു. മൃതദേഹത്തിന്റെ പിന്‍ഭാഗത്തെ കോളറില്‍ രക്തം പുരണ്ടിരുന്നു. പാന്റ് ക്ലിപ്പുകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. മരണ കാരണമായി രേഖപ്പെടുത്തിയ കൊറോണറി ആര്‍ട്ടറി ഇന്‍സഫിഷ്യന്‍സി ഉണ്ടാകാനുള്ള ഒരു സാഹചര്യവും 48കാരനായ ലോയക്കുണ്ടായിരുന്നില്ല.

ലോയക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങളറിയാന്‍ ദാണ്ഡെ ആസ്പത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഒരാള്‍, പോസ്റ്റ്‌മോര്‍ട്ടം ശരിയായ ദിശയിലല്ല നടന്നത് എന്നു സൂചിപ്പിക്കുന്നുണ്ട്. അര്‍ധരാത്രിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടന്നു എന്നു വരുത്താന്‍ മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്‍ക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്ന് ഇയാള്‍ ലേഖകനോട് പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷാ കോടതിയെ സ്വാധീനിച്ചേക്കാമെന്ന സംശയത്തില്‍ സുപ്രീം കോടതിയാണ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജി തന്നെ അവസാനം വരെ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആദ്യം വാദംകേട്ട ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബ്രിജ് ലോയക്ക് കേസിന്റെ ചുമതല വന്നു ചേര്‍ന്നത്.

ലോയ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അമിത് ഷായെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകള്‍ ഇല്ല എന്ന കാരണത്താലായിരുന്നു ഇത്.

To Read the Article in Caravan Journal: http://www.caravanmagazine.in/vantage/shocking-details-emerge-in-death-of-judge-presiding-over-sohrabuddin-trial-family-breaks-silence

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...