ഗുരുവായൂരപ്പ ….!!!!. പാഹിമാം പാഹിമാം

Print Friendly, PDF & Email

പണ്ട് ഗുരുവായൂർ ക്ഷേത്രപരിസരത്ത്
പൂഴിക്കുന്നത്ത് ഉപ്പുകൂറ്റൻ എന്ന പേരിൽ ഒരു അസാമാന്യ ശരീരപുഷ്ടിയുള്ള ഒരാൾ ജീവിച്ചിരുന്നു.. ആൾക്ക് വിദ്യാഭ്യാസമൊന്നുമില്ല. പൊണ്ണത്തടി മാത്രം. മദ്യപാനവും ശീലമായിരുന്നു. അയാളോട് എതിരിടാനോ മറ്റോ ആരും പോയിരുന്നില്ല.

ഗുരുവായൂർ ക്ഷേത്രത്തിൽ അയാൾ പാത്രം കഴുകലും ആനപ്പിണ്ഡം വാരികളയലും ഒക്കെ ആയി കൂടി. ചകിരി , മടൽ എന്നിവ ചുമടാക്കി ക്ഷേത്രത്തിൽ എത്തിക്കുക, എന്നിവയൊക്കെ ഇയാളാണ്.. ക്ഷേത്രത്തിലെ കാളൻ വയ്ക്കുന്ന നാലു കാതൻ ചരക്ക് ഇയാൾ ഒറ്റക്ക് കഴുകി വൃത്തിയാക്കി വച്ചിരുന്നു. ക്ഷേത്രത്തിൽ നിന്ന് ഉരുളി നിറയെ ചോറ് കൊടുക്കും. ഭക്ഷണം വൈകിയാൽ ചീത്ത വിളിയും ഉണ്ട്. എല്ലാവർക്കും പേടിയുമായിരുന്നു അയാൾ തന്റെ പണിയെല്ലാം കഴിച്ച് രാത്രി തീർത്ത് തീർത്ഥക്കുളത്തിൽ ഇറങ്ങി കുറെ നേരം കിടക്കാറുണ്ട്. അയാൾ കുളിമാത്രമേ ഉള്ളു എന്നാണ് ഏവരും വിചാരിച്ചിരുന്നത്.. പക്ഷെ തീർത്ഥക്കുളത്തിലെ മത്സ്യങ്ങളെ ആരുമറിയാതെപിടിച്ചു കൊണ്ടുപോവാനാണ് അയാളുടെ നീരാട്ട്.

ക്ഷേത്രത്തിൽ ആ വർഷത്തെ ഉത്സവം ആരംഭിക്കാറായി. കലശാദി കാര്യങ്ങൾ നടന്നുവരുന്നു.ഒരു ദിവസം രാത്രി പൂജ കഴിഞ്ഞ് വയോധികനും സ്വാധിയുമായ ക്ഷേത്രം തന്ത്രി മേൽശാന്തിക്കടവിൽ കുളിക്കാൻ ഇറങ്ങി. അപ്പോൾ കുളത്തിനകത്ത് ആരോ ചാടുന്ന ശബ്ദം കേട്ടു .അദ്ദേഹം വേഗം കുളി കഴിഞ്ഞ് കുളക്കടവിൽ ചെന്നു നോക്കി.. അപ്പോൾ കണ്ടത് ഉപ്പുകൂറ്റൻ മീൻ പിടിക്കുന്ന കാഴ്ചയാണ്. തന്ത്രി അയാളോട് പറഞ്ഞു ദൈവദോഷം ചെയ്യരുതേ… തീർത്ഥകുളത്തിലെ മത്സ്യങ്ങൾ ഭഗവാന്റെ പ്രിയപ്പെട്ടവരാണ്. അവയെ ഉപദ്രവിക്കരുതെന്ന്…

അത് കേട്ട് ഉപ്പു കൂറ്റൻ പറഞ്ഞു താൻ തന്റെ പണി നോക്ക്.. മര്യാദക്കിരുന്നില്ലെങ്കിൽ തന്ത്രിയുടെ പൂണൂലിൽ മത്സ്യത്തെ കോർത്ത് ഇടുമെന്നും നേദ്യച്ചോറിനൊപ്പം മത്സ്യക്കറി കൂട്ടി കഴിപ്പിക്കുമെന്നും പറഞ്ഞു..
വയോധികനായ തിരുമനസിന് ഇത് സഹിക്കാനായില്ല.. ഇത്രയും കാലത്തിനിടക്ക് തന്നോട് ആരും ഇത്തരമൊരു വർത്തമാനം പറഞ്ഞിട്ടില്ല.. അദ്ദേഹം നാരായണ നാമം ചൊല്ലി മടങ്ങിപ്പോയി. അദ്ദേഹത്തിന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. ഇത്ര ദുഷ്ടനായ ഒരാൾ ക്ഷേത്രത്തിലും പരിസരത്തും ഉള്ളപ്പോൾ എങ്ങിനെ ശുദ്ധികലശമാടി മുളയിട്ട് കൊടികയറും… ആകെ വിഷമമായല്ലോ ഗുരുവായൂരപ്പാ എന്ന് പ്രാർത്ഥിച്ച് രാത്രികഴിച്ചു കൂട്ടി..
എന്നും നിഷ്ടയോടെ തന്നെ പൂജിക്കുന്ന ആ സാധുവിന്റെ സങ്കടം ഭഗവാനറിയാതെ വരില്ലല്ലോ.. പിറ്റേ ദിവസം പതിവുപോലെ ഉപ്പു കൂറ്റൻ കലാ പരിപാടി ആരംഭിച്ചു.. അന്ന് കിട്ടിയത് പൊരുക്ക് എന്ന ഒരു തരം മത്സ്യം ആണ്. അവ ഇണ ചേർന്നേ ജീവിക്കൂ.ഇത്തരം മത്സ്യങ്ങളുടെ ചിറക് നല്ല മൂർച്ചയുള്ള ഇനമാണ്. ഇണയേ തപ്പാനായി കിട്ടിയ മീനിനെ വായിൽ കടിച്ച് പിടിച്ച് ഉപ്പു കൂറ്റൻ വെള്ളത്തിലേക്ക് മുങ്ങിയതും വായിലിരുന്ന മീൻ വഴുതി അയാളുടെ ഉള്ളിലേക്ക് ഇറങ്ങിപ്പോയി.. അയാൾക്ക് ശ്വാസം മുട്ടി വെപ്രാളപ്പെട്ട് കരയിലേക്ക് കയറി. മത്സത്തിന്റെ മൂർച്ചയേറിയ ചിറകുകൾ അയാളുടെ അന്നനാളത്തെയും കുടലിനേയും കീറി മുറിച്ച് അയാൾ ക്ഷേത്രക്കുളക്കരയിൽ മരിച്ചുവീണു..

തന്റെ പ്രിയ പൂജാരിയെ അധിക്ഷേപിച്ചതിന് ഗുരുവായൂരപ്പൻ കൊടുത്ത ശിക്ഷ.
ആ സംഭവത്തിനു ശേഷം കുളത്തിന് കാവൽ ഏർപ്പെടുത്തി തുടങ്ങി.. ക്ഷേത്ര കുളത്തിൽ എണ്ണ സോപ്പ് ഇവയുടെ ഉപയോഗം ഒക്കെ നിയന്ത്രിച്ചും തുടങ്ങി,..

ലോക രക്ഷക്കായി മത്സ്യാവതാരമെടുത്ത ഭഗവാൻ ഒരു ദുഷ്ട നിഗ്രഹത്തിനായി ഒന്നു കൂടെ അവതരിച്ചതാവും..

” അൻപോടുമീനായി വേദങ്ങൾമീണ്ട
അംബുജലോചന കൈതൊഴുന്നേൻ ”

🙏🙏 നാരായണ !!!.. ഗുരുവായൂരപ്പ !!!… പാഹിമാം പാഹിമാം…

  1. കടപ്പാട്…ഉണ്ണികൃഷ്ണൻ പുതൂർ എഴുതിയ ഗുരുവായൂർ കഥകൾ എന്ന പുസ്തകത്തിൽ നിന്നും👆👆👆
(Visited 60 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...