പറയാതിരിക്കാൻ വയ്യാത്തത് കൊണ്ട് മാത്രം-അമീറ

Print Friendly, PDF & Email

സൈബർ ലോകത്ത് ജിഹാദിനിറങ്ങിയ ആങ്ങളമാർ ഒന്നിറങ്ങി വരാമോ? ഫ്ലാഷ് മോബിനിറങ്ങിയ, പർദ്ദയെ കുറിച്ചു പറഞ്ഞ, നിങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ എഴുതുന്ന, പാട്ടു പാടുന്ന മുസ്ലിം സ്ത്രീകളെ എല്ലാം തിരഞ്ഞു പിടിച്ചു തെറി പറയുന്ന നിങ്ങൾ കണ്ടിട്ടുണ്ടോ പണക്കാരന്റെ വീട്ടിലെ കല്യാണ ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ വിലകുറഞ്ഞ മേക്അപ്പും വസ്ത്രവും ധരിച്ചു വിയർത്തൊലിച്ചു അന്യ ആണുങ്ങളുടെ മുന്നിൽ ഒപ്പന കളിക്കുന്ന പെൺകുട്ടികളെ? തുച്ഛമായ തുകയ്ക്ക് അവിടെ വരേണ്ടി വരുന്ന പെൺകുട്ടികളെ നോക്കി രസിച്ചതല്ലാതെ ആ കല്യാണം നിങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ടോ? പെൺകുട്ടികളെ പ്രദര്ശിപ്പിക്കുന്നതിനു അവിടെ വെച്ച് തന്നെ നിങ്ങൾ ആരെയെങ്കിലും ചീത്ത വിളിച്ചിട്ടുണ്ടോ?

കൃത്യമായ അജണ്ടയോടെ മുസ്ലിം സമുദായത്തെ അന്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ എങ്ങനെ ചെറുത്തു നിൽക്കണം എന്ന ധാരണ പോലും ഇല്ലാതെ അവരുദ്ദേശിച്ച കള്ളിയിലേക്ക്
ഓടി കയറാൻ ഉത്സാഹിക്കുകയും, കഥയറിയാതെ ആട്ടം കാണുക മാത്രമല്ല, കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇസ്ലാമിന് വേണ്ടി പടവെട്ടുന്നു എന്ന് സ്വയം കരുതുന്ന സൈബർ ആങ്ങളമാർ ചെയ്യുന്നത്.

ഇത് വിവേകമുള്ളവർ ചൂണ്ടിക്കാട്ടിയാലും, എന്തിനെയും ആലോചനയില്ലാതെ എതിർക്കുകയും ഒച്ചയിടുകയും ചെയ്യുന്നതാണ് ആണത്വവും ദീനീസ്നേഹവും എന്ന് കരുതുന്ന, അല്ലെങ്കിൽ തങ്ങളാണ് മതത്തിന്റെ കാവൽക്കാർ എന്ന ധാരണ പരത്താൻ ശ്രമിക്കുന്ന ചിലർ വെറുതെ ഒച്ചയിട്ടു കൊണ്ടിരിക്കുന്നത് എത്രത്തോളം അരോചകവും ജുഗുപ്സാവഹവും ആണ് എന്നത് ആരോട് പറയാൻ.

നിങ്ങൾ ആലോചിച്ചിട്ടുണ്ടോ മലയാള സിനിമയും സാഹിത്യവും എങ്ങിനെ ആണ് ഇന്നലെകളിൽ മുസ്ലിം സ്വത്വം അടയാളപ്പെടുത്തിയത് എന്ന്? എങ്ങിനെ ആണ് നാളെ നിങ്ങളെയും എന്നെയും അടയാളപ്പെടുത്താൻ പോകുന്നത് എന്ന്.

മുസ്ലിം സ്വത്വ നിർമിതിയുടെ പാതയിലേക്ക് വർഷങ്ങൾ വൈകി ഓടുന്ന ട്രെയിനുകളാണ് മേല്പറഞ്ഞ സാഹിത്യവും സിനിമയും.

ടി എൽ സ്‌ട്രെഞ്ചിന്റെയും എച് വി കൊളോണിയുടെയും ബുക്കാനന്റെയും റിക്കാർഡ്‌സന്റെയും കൊളോണിയൽ ഭരണഭാഷ്യ അവശേഷിപ്പുകളായ വാർപ്പ് മാതൃകകൾ രക്തദാഹികളും മതഭ്രാന്തരും വർഗീയ വാദികളുമായ നിന്ദ്യനും നീചനും അവിശ്വസ്‌തരും സ്ത്രീലമ്പടന്മാരുമായ മാപ്പിളമാരുടെതായിരുന്നു. സാമ്രാജ്യത്വത്തിന് ഭീഷണി ഉയർത്തിയ മലബാർ കലാപത്തിന് പ്രതികാരമായി അവർ വെച്ച് കെട്ടി തന്ന ഈ മാറാപ്പിൽ നിന്നുള്ള വിമോചന സമരമായിരുന്നു പിന്ന്നീട് മുസ്ലിം സമുദായ സാംസ്കാരിക പരിഷ്കർത്താക്കൾ നടത്തിയത്.

കശാപ്പുകാരനും കൊള്ളക്കാരനും സ്ത്രീലമ്പടനും കള്ളക്കടത്തുകാരനും നിരക്ഷരനും ബഹുഭാര്യാത്വവും വിവാഹമോചനവും തൊഴിലാക്കിയവരുംബോംബ് നിർമാതാക്കളും രമ്യ ഹർമ്യങ്ങളിൽ താമസിക്കുന്നവരും അഭ്രപാളികളിൽ സ്ഥിരം കാഴ്ചയായപ്പോൾ സാഹിത്യവും അതിൽ നിന്നും ഭിന്നമായ ഒരു പാത്രീകരണം കാഴ്ചവെച്ചില്ല. ദുരവസ്ഥയിൽഅവർണ്ണരുടെ അവസ്ഥയെ ചൊല്ലി വിലപിച്ച ആശാൻ ക്രൂരമുഹമ്മദീയനെയും‘ ‘ഭള്ളാർന്ന ദുഷ്ടമുഹമ്മദൻമാരെയും‘ ‘അള്ളാ മതത്തിൽ പിടിച്ചു ചേർക്കുന്നവരെയുംകുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.വള്ളത്തോളിന്റെ കാട്ടെലിയുടെ കഥഎന്ന കവിതയിലെ മ്ലേച്ഛനും‘ ‘നായർ സ്ത്രീയും മുഹമ്മദീയനും എന്ന കവിതയിലെ രാക്ഷസരൂപനായ തട്ടിപ്പറിക്കാരൻ മുഹമ്മദീയനുംഇതേ അച്ചിൽ വാർത്തെടുക്കപ്പെട്ട മാതൃകകൾ ആണ്. മുസ്ലിംനെഗറ്റീവ് ചിത്രീകരണങ്ങൾക്കു ഇനിയും ഒരുപാട് ഉദാഹരണങ്ങൾ നമുക്കു കണ്ടെത്താൻ കഴിയും.

പിന്നീടുള്ള ദശകങ്ങളിൽ വിദ്യാഭ്യാസത്തിലൂടെയും പ്രൗഢമായ ജോലികളിലൂടെയും മുസ്ലിം സമൂഹം പുരോഗതി അടയാളപ്പെടുത്തിയപ്പോൾ പോലും ശീലിച്ചു വന്ന മാതൃകകളിൽ നിന്ന് വല്ലാതെ വ്യതിചലിക്കാൻ കഴിയാതെയുള്ള ചിത്രീകരണമായിരുന്നു. എങ്കിൽ പോലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന തിരിച്ചറിവ് സാഹിത്യത്തിലും സിനിമയിലും വന്നു തുടങ്ങുമ്പോഴാണ് ഇറച്ചിവെട്ടുകാരനും കള്ളക്കടത്തുകാരനും അരങ്ങൊഴിയുന്ന ഇടത്തിലേക്ക് സ്ത്രീകളെ തെറി പറയുന്ന സൈബർ മുസ്ലിം സഹോദന്മാർ കടന്നു വരുന്നത്.

സാംസ്കാരിക പഠനങ്ങളിൽ ഓരോ കാലഘട്ടത്തിലെയുംസിനിമയും സാഹിത്യവും മാത്രമല്ല ഒരു ഫോട്ടോഗ്രാഫ് പോലും വഴികാട്ടിയാകും. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കേരള മുസ്ലിം പുരുഷ സമൂഹം അടയാളപ്പെടുത്തപ്പെടുമ്പോൾ നമ്മുടെ എല്ലാം ഫേസ്ബുക് പോസ്റ്റുകളും കമന്റുകളും അവരെ എങ്ങിനെയായിരിക്കും ചിത്രീകരിക്കുക? അജ്ഞതയിൽ നിന്ന് ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്കു മുസ്ലിം സമൂഹം നടത്തിയ പ്രയാണത്തിന്റെ നേട്ടങ്ങളെ റദ്ദ് ചെയ്ത് അവരെ അസഹിഷ്ണുക്കളും സ്ത്രീവിരുദ്ധരുമായി അടയാളപ്പെടുത്താൻ ഇനിയും നിന്ന് കൊടുക്കണോ?

ബാബ്‌റി മസ്ജിദാനന്തരം, ഗുജറാത്ത് വംശഹത്യാനന്തരം ഉണ്ടായ ത്രീവവാദികളെന്ന സങ്കല്പവും കുടത്തിൽ നിന്നിറക്കി വിട്ട ലവ് ജിഹാദ് ഭൂത ഭീതിയും നമ്മുടെ പൊതുബോധത്തിൽ കുടിയൊഴിപ്പിക്കാനാകാത്ത വിധം പാർപ്പ് തുടങ്ങിയിരിക്കുന്നു എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു സ്ത്രീയെ വശംവദയാക്കുന്ന മുസ്ലിം പുരുഷൻ എന്ന പ്രോട്ടോടൈപ്പിനെ ഒരിക്കലും പൊട്ടിച്ചെറിയാനാകാത്ത വിധം നമ്മുടെ അബോധത്തിലേക്കു തുന്നിച്ചേർക്കുന്നതിനു ഹാദിയ വിഷയത്തിന്റെ സംഭാവനയും ചെറുതല്ല.

ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയം മതത്തിന്റെ അരിപ്പയിലൂടെ അരിച്ചിറങ്ങിയപ്പോൾ അത് നഞ്ചു കലർത്തിയത് ഇവിടത്തെ മതസൗഹാർദ്ദത്തിന്റെ കോപ്പയിലാണ്. കൗതുകം പൂണ്ടിരിക്കുന്ന കൊതുകുകൾക്ക് ചോരയൂറ്റാൻ മുസ്ലിം പുരുഷഭീതിയുടെ അകിട് ചുരത്തി കൊണ്ടേയിരിക്കും.വരും കാലങ്ങളിൽ നാം പറയേണ്ടി വരും ഹാദിയ വിഷയത്തിലെ പരസ്പര പോർവിളികൾ ഇവിടത്തെ മതനിരപേക്ഷതയെ കുഴിമൂടാന് ആയി നാം ഓരോരുത്തരും എറിഞ്ഞ മണ്തരികൾ ആയിരുന്നു എന്ന്. 

ഇങ്ങനെ പുരോഗമന ജനാധിപത്യ മതേതരഇടങ്ങളെ ഇല്ലാതാക്കാനായി നടക്കുന്ന ബോധപൂർവമായ നാടകത്തിൽ അസുര വേഷം ആടാൻ എന്തിനാണ് നിന്ന് കൊടുക്കുന്നത്?പത്ര ടീവി മാധ്യമങ്ങൾ വരെ അന്യവത്ക്കരണത്തിന്റെ വേദികളാകുമ്പോൾ എന്താണ് വിശ്വാസി സമൂഹം ജാഗ്രത കാണിക്കാത്തത്?

സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ അഭിമാനപൂർവം പ്രചരിപ്പിച്ച ഒരു പോസ്റ്റ് കണ്ടു. വിശ്വാസിനികൾ രത്നകല്ലുകളും മറ്റുള്ളവർ അമ്മിക്കല്ലുകളുമാണെന്നു വിലയിരുത്തുന്ന ഒരു പോസ്റ്റ്സത്യം പറഞ്ഞാൽ ഭയവും നിരാശയുമാണ് തോന്നിയത്… ആ പോസ്റ്റ് എഴുതിയ ആൾക്കും അത് ഷെയർ ചെയ്തവർക്കും തങ്ങളുടെ ധാരണ തിരുത്താൻ മാത്രമുള്ള ഒരു അമുസ്ലിം സുഹൃത്തോ അധ്യാപികയോ അസുഖം വരുമ്പോൾ ചികിത്സിച്ച ഡോക്ടറോ ഒന്നും വേണ്ട ബസിലെ യാത്രയിൽ അടുത്തിരുന്നു യാത്ര ചെയ്യുമ്പോൾ ഒരു നനുത്ത പുഞ്ചിരി നൽകിയ ഒരുമുത്തശ്ശിയോ പോലും ഇല്ലെങ്കിൽ എത്രത്തോളം പരാജയപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നത്?

മത വിശ്വാസം ഉരകല്ലാകുന്ന ഒരു സാമൂഹിക ബോധത്തെ പേറികൊണ്ട് പിന്നെ ഏതു ഫാസിസ്റ്റു ശക്തികൾക്കെതിരെയാണ് നാം പട നയിക്കുന്നത്? ചിന്തയിലും വാക്കിലും എഴുത്തിലും നാം പുലർത്തുന്നതും മതാന്ധതതയും ഫാസിസവുമല്ലേ? അന്യസമുദായ സ്ത്രീകളെ ഇങ്ങനെ വിലകുറഞ്ഞ ഉപമ കൊണ്ട് വിശേഷിപ്പിക്കാൻ നിങ്ങളെ പഠിപ്പിച്ച മതം ഏതായാലും അത് ഇസ്‌ലാം മതമായിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

സൈബർ ലോകത്ത് ജിഹാദിനിറങ്ങിയ ആങ്ങളമാർ ഒന്നിറങ്ങി വരാമോ? ഫ്ലാഷ് മോബിനിറങ്ങിയ, പർദ്ദയെ കുറിച്ചു പറഞ്ഞ, നിങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ എഴുതുന്ന, പാട്ടു പാടുന്ന മുസ്ലിം സ്ത്രീകളെ എല്ലാം തിരഞ്ഞു പിടിച്ചു തെറി പറയുന്ന നിങ്ങൾ കണ്ടിട്ടുണ്ടോ പണക്കാരന്റെ വീട്ടിലെ കല്യാണ ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ വിലകുറഞ്ഞ മേക്അപ്പും വസ്ത്രവും ധരിച്ചു വിയർത്തൊലിച്ചു അന്യ ആണുങ്ങളുടെ മുന്നിൽ ഒപ്പന കളിക്കുന്ന പെൺകുട്ടികളെ? തുച്ഛമായ തുകയ്ക്ക് അവിടെ വരേണ്ടി വരുന്ന പെൺകുട്ടികളെ നോക്കി രസിച്ചതല്ലാതെ ആ കല്യാണം നിങ്ങൾ ബഹിഷ്കരിച്ചിട്ടുണ്ടോ? പെൺകുട്ടികളെ പ്രദര്ശിപ്പിക്കുന്നതിനു അവിടെ വെച്ച് തന്നെ നിങ്ങൾ ആരെയെങ്കിലും ചീത്ത വിളിച്ചിട്ടുണ്ടോ?

മലപ്പുറത്തെ പെൺകുട്ടികൾ ധരിച്ചതിനെക്കാളും ആകർഷണീയമായ വസ്ത്രമല്ലേ നമ്മുടെ ഒപ്പനക്കാരികളും ഇടുന്നത്? അപ്പോൾ ഈ മതബോധം ധാർമിക രോഷം എല്ലാം എവിടെ പണയം വെച്ചു? പ്രവാചക ചര്യ മുറുകെ പിടിക്കുന്നു എന്ന് നിങ്ങൾ അവകാശപ്പെടുന്നല്ലോ. ആകട്ടെ. ചോദ്യങ്ങൾ ചോദിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ക്ഷമയോടെ ഉത്തരം കൊടുത്തിരുന്ന പ്രവാചകനെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? പ്രവാചകൻ പഠിപ്പിച്ചിരുന്ന മഹർ സമ്പ്രദായം നിങ്ങൾ എത്ര പേര് പിൻപറ്റിയിട്ടുണ്ട്? സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങിക്കാൻ ഏത് പ്രവാചകൻ ആണ് നിങ്ങളെ പഠിപ്പിച്ചത്? പൊതിഞ്ഞു സൂക്ഷിക്കണം നമ്മുടെ പെണ്ണുങ്ങളെ അന്യമതത്തിലെ കാക്കയും കഴുകനും കൊണ്ട് പോകാതെ എന്ന് പറയുന്നല്ലോ നിങ്ങൾ? എത്ര സഹോദരിമാരുണ്ട് സ്ത്രീധനം ഇല്ലാതെ വീട്ടിൽ നിൽക്കേണ്ടി വന്നു പ്രായം കടന്നു പോയി അന്യമതസ്ഥരുടെ കൈപിടിക്കേണ്ടി വന്നവർ?

നിങ്ങളുടെ കൊള്ളരുതായ്മകൾ കൊണ്ട് കോടതി വരാന്തയിൽ കണ്ണീരു ഉണങ്ങിയ മുഖവും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിൽക്കുന്നവർ? ഇസ്‌ലാമിൻറെ വിധിവിലക്കുകൾ നഗ്നമായി ലംഘിച്ചു കൊണ്ട് രണ്ടും മൂന്നും നാലും കെട്ടി അവരെയും കുഞ്ഞുങ്ങളെയും വറുതിയിലാഴ്ത്തിയവർ? അനാഥരുടെ അന്നത്തിൽ കയ്യിട്ട് വാരുന്നവർ? പലിശപ്പണം കൊണ്ട് ജീവിക്കുന്നവർ? കള്ളിനും കഞ്ചാവിനും അടിമപ്പെട്ട് കുടുംബത്തെ നോക്കാത്തവർ? ഇവരെയൊക്കെ നിങ്ങൾ നന്നാക്കി കഴിഞ്ഞോ?

കലയുടെ മതം പറയുന്ന നിങ്ങൾ പറഞ്ഞു തരാമോ? ഫോട്ടോ എടുക്കലും കലകൾ അവതരിപ്പിക്കുന്നതും സിനിമ അഭിനയവും ഹലാലിലേക്കു മാറി വരുമ്പോൾ അതൊക്കെ ആണിനുള്ളത് മാത്രമാണോ?അപ്പോൾ ഇസ്ലാം പറഞ്ഞു തന്ന ആൺ കലകളും പെൺകലകളും ഒന്ന് പറഞ്ഞു തരാമോ? മുസ്ലിം ആൺകുട്ടികൾ ഫ്ലാഷ്മോബ്‌ കളിക്കുന്നതിന്റെ മതവിധി എന്താണ്? മുസ്ലിം സ്ത്രീകളോ അന്യമതസ്ഥരായ സ്ത്രീകളോ അത് ആസ്വദിക്കുന്നതിന്റെ മതവിധി എന്താണ്?

ഫ്ലാഷ് മൊബ് കളിക്കണമെങ്കിൽ മതത്തിനു പുറത്തു പോകണമെന്ന് ഫത്വ പുറപ്പെടിക്കുന്നവരോട് സിനിമയിൽ അന്യസ്ത്രീകളോട് ഇഴുകി അഭിനയിക്കുന്ന മമ്മൂട്ടി, ഫഹദ് തുടങ്ങിയ എല്ലാ നടന്മാരോടും മതത്തിൽ നിന്ന് പുറത്തു പോകാൻ പറഞ്ഞു ആക്രോശങ്ങൾ നടത്താമോ? പെരുന്നാൾ ദിനത്തിൽ ഭക്തപരവശനായ മഹാനടന്റെ ഫോട്ടോ പലപ്പോഴും ഞാൻ പത്രത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പള്ളിയിൽ നിന്ന് പുറത്താക്കാൻ മുറവിളികൂട്ടിയ ഒരു വിശ്വാസി സമൂഹത്തെ പറ്റി ഞാൻ എവിടെയും വായിച്ചില്ല.

ഈപെൺകുട്ടികളുടെ വാളുകളിൽ പോയി നിങ്ങടെ ഫ്രസ്ട്രേഷൻ ഛർദിച്ചു തീർക്കുവാൻ നിങ്ങൾ കാണിച്ച ഉത്‍സാഹമാണോ ആ കുട്ടികളുടെ ഡാൻസ് ആണോ മതത്തെ അപമാനിക്കുന്നത്? നൂറ്റാണ്ടുകൾക്കു മുൻപ് സ്ത്രീക്ക് അഭൂതപൂർവമായ സ്വാതന്ത്ര്യം നൽകിയെന്ന് ഞാൻ കരുതുന്ന മതം അത്യന്തം സ്ത്രീ വിരുദ്ധമാണെന്നു മുദ്രകുത്തിക്കാനായി നിങ്ങൾ ആരുടെ കയ്യിൽ നിന്നാണ് ക്വട്ടെഷൻ വാങ്ങിയത്? അടുപ്പൂതി പാവകളും പ്രസവയന്ത്രങ്ങളും ഉറക്കമരുന്നുകളും മാത്രമാണ് മുസ്ലിം സ്ത്രീ എന്ന് വരുത്തി തീർക്കുന്നത് ഏത് രഹസ്യ അജണ്ട പ്രകാരമാണ്? അസഹിഷ്ണുത അരുതെന്നു പറഞ്ഞ പ്രവാചകന്റെ അനുയായികൾ മതഭ്രാന്തരാണെന്നു വരുത്തി തീർത്തു നിങ്ങൾ ആരുടെ കയ്യിലെ കളിപ്പാട്ടമാണാകുന്നത്?

മതത്തെ സ്നേഹിക്കുന്നുവരല്ലേ നിങ്ങൾ? അണുവിട തെറ്റാതെ ജീവിക്കുന്നവർ? എങ്കിൽ ഇസ്‌ലാമിന്റെ ഉദാത്തമായ പല ആശയങ്ങളും വളച്ചൊടിച്ചു കൊണ്ട് ബഹുഭാര്യാത്വം, തലാഖ് തുടങ്ങിയ പലവിഷയങ്ങളിലും ഇസ്ലാം മതവിശ്വാസികളെ ഒരു മതേതര സമൂഹത്തിൽ അപമാനിതരാക്കുന്ന പോലെ ഹിസ്റ്റീരിക് ആയി പ്രഭാഷണങ്ങൾ നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന, മതജ്ഞാനികൾ ആയി സ്വയം അവരോധിച്ചവർക്കെതിരെ നിങ്ങൾ തിരിയാത്തതെന്താ? ആർത്തവ കാലത്തു പെണ്ണിന്റെ ചൂട് അറിയാൻ പറ്റാതെ ഉറക്കം വരാത്തവർക്ക് വേറെ പെണ്ണ് കെട്ടാമെന്നു പറയുന്നവരെയും ഭർത്താവിന് സ്വർഗം കിട്ടാൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെ കൂടെ സന്തോഷത്തോടെ സ്വീകരിച്ചു സ്വർഗത്തിലേക്ക് ഫാമിലി ടിക്കറ്റ് എടുക്കണമെന്ന് പറയുന്നവരെയും ഇസ്ലാമിക വിരുദ്ധരെന്നു വിളിക്കാൻ നിങ്ങളുടെ നാവു പൊന്താത്തതെന്താ?

മഹല്ല്കമ്മിറ്റികളോടു ചോദിക്കാം…

പലപ്പോഴും കാണാറുണ്ട് മഹല്ല് കമ്മിറ്റികൾ കുടുംബങ്ങളെ പുറത്താക്കി അംഗങ്ങളെ പുറത്താക്കി എന്നൊക്കെ. അന്യസ്ത്രീയെ ഭർത്സിക്കുക എന്ന വൻ പാപം ചെയ്ത മഹല്ല് അംഗങ്ങളെ നിങ്ങൾ പുറത്താക്കുമോ? അല്ലെങ്കിൽ ഒരു വാണിംഗ് എങ്കിലും നൽകാമോ? ഫ്ലാഷ് മൊബ് കളിക്കുന്ന പെൺകുട്ടികളുടെ നിൽപ് കണ്ടു ആട് പെറാൻ പോകുന്ന പോലെ എന്ന് പുലമ്പിയ ആങ്ങളയോട് ഒന്ന് പറയാമോ സ്ത്രീശരീരത്തിന്റെ വടിവിനെ കുറിച്ചു ഗവേഷണം നടത്താനായി നോക്കുന്നതും പാപമാണെന്ന്. അന്യസ്ത്രീയുടെ ശരീരം കാണുമ്പോൾ നീ ദൃഷ്ടി താഴ്ത്തൂ പടപ്പേ എന്ന്.

സമുദായ നേതാക്കളോട്…
പരസ്യമായി അപലപിക്കാമോ ഈ തെറ്റിനെ?
ഫ്ലാഷ്മോബിന്റെ ഇസ്‌ലാമിക വശം പറഞ്ഞില്ലെങ്കിലും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചു പറഞ്ഞില്ലെങ്കിലും
ഈ തെറി വിളിക്കൽ സംസ്കാരത്തെ പരസ്യമായി തള്ളി പറയാമോ?

ചോദിക്കാമോ?

അന്യ സ്ത്രീയെ തെറി വിളിക്കുന്ന മുസ്ലിം സഹോദരാ നിനക്കു മരിച്ചു പോകേണ്ടേ എന്ന്?

തയ്യാറല്ലെങ്കിൽ ഞാൻ പറയാം പലർക്കും വേണ്ടി

നിനക്കു തട്ടമിട്ടു കൂടെ പെണ്ണെ എന്നും നരകത്തിലെ വിറകു കൊള്ളിയാകണോ പെണ്ണെ എന്നും പടച്ചവനെ മറക്കല്ലേ പെണ്ണെ എന്നും വിലപിക്കുന്ന മുസ്ലിം സഹോദരന്മാരെ… ശരിക്കും സങ്കടമുണ്ട്ട്ടോ.

ഇവരൊക്കെ നന്നായി പോയി സ്വർഗത്തിൽ എത്തുമ്പോൾ അവിടെ നിങ്ങളെ കാണാൻ കഴിയില്ലല്ലോ…

ഇവരെ നന്നാക്കാനുള്ള യത്നത്തിൽ നിങ്ങൾ ചെയ്ത അമല് കൊണ്ട് സിറാതുൽ മുസ്തഖീം പാലത്തിൽ കയറുമ്പോഴേ നിങ്ങൾ വീണു പോകില്ലേ?

കാരണം

അഭിപ്രായം പറയുന്ന സ്ത്രീകളെ എല്ലാം വേശ്യകളാക്കി ചിത്രീകരിക്കുന്ന നിങ്ങൾ വേശ്യാവൃത്തിയേക്കാളും പാപമായ കാര്യമാണല്ലോ ചെയ്യുന്നത്.
സ്ത്രീകളെ അപവാദം പറയുന്നത് വൻപാപങ്ങളിൽ ഉൾപ്പെടുത്തുകയും വേശ്യാവൃത്തി പോലും അതിൽ നിന്നും ഒഴിവാക്കുകയും ചെയ്തവനെ… നിന്റെ ദീര്ഘവീക്ഷണത്തിനു നിനക്കു സ്തുതി.

അങ്ങിനെ സ്വയം നരകത്തിന്റെ നിര്ബന്ധിതാവകാശികളായി കൊണ്ടാണെങ്കിലും നമ്മുടെ സഹോദരിമാർക്ക് സ്വർഗം നേടികൊടുക്കാനുള്ള നിങ്ങളുടെ ത്യാഗ മനോഭാവം … സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു.

എന്നാലും സൈബർ ജിഹാദികളെ , നിങ്ങളുടെ മനോവൈകല്യത്തിന് മരുന്ന് തിരയേണ്ട ഇടം ഇതല്ല. വെറുതെ ഈ ഇടത്തെ നിങ്ങൾ ഇങ്ങനെ മലീമസമാക്കല്ലേ…

“Islam is the best religion and Muslims are the worst followers”

എന്ന് ബെർണാഡ് ഷാ പറഞ്ഞെങ്കിൽ അത് ശരി വെക്കുകയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

(Visited 392 times, 1 visits today)
  • 6
  •  
  •  
  •  
  •  
  •  
  •  
  •  
    6
    Shares

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...