കൊല്ലത്തെ വിസ്മയയുടെ മരണം കേരളത്തിൽ പുതിയ തരഗം. പരാതികെട്ടഴിച്ച് സ്ത്രീകള്‍.

Print Friendly, PDF & Email

കൊല്ലത്തെ വിസ്മയയുടെ മരണം കേരളത്തിലെ സ്ത്രീകള്‍ക്ക് സ്ത്രീധനത്തിനും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന പീഢനങ്ങള്‍ക്കുമെതിരെ പ്രതികരിക്കുവാനുള്ള പുതിയ പ്രചോദനം ആയിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങി. സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിയമിച്ചിരിക്കുന്ന സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ആദ്യദിനമായ ഇന്നുമാത്രം ലഭിച്ചത് 108 പരാതികൾ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ ആര്‍. നിശാന്തിനിയാണ് സ്ത്രീധന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന നോഡൽ ഓഫീസർ.

ഇന്ന് നിശാന്തിനിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് 108 പേരും പരാതി നൽകിയത്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴ് മണിവരെയുള്ള കണക്കാണിത്.

സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ മൊബൈല്‍ നമ്പര്‍ 9497999955 ആണ്. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.