രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍. വാക്‌സിൻ നയത്തിൽ സമൂല മാറ്റം.

Print Friendly, PDF & Email

രാജ്യത്തെ കോടതികളുടെ ഇടപെടല്‍ ഫലപ്രാപ്തിയിലേക്ക്. കൊവിഡിനെ നേരിടാൻ രാജ്യത്തെ വാക്‌സിൻ നയത്തിൽ മാറ്റം വരുത്തുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇനിമുതല്‍ വാക്‌സിൻ എല്ലാവർക്കും സൗജന്യമായിരിക്കും. ലോക യോഗാ ദിനമായ ജൂൺ 21 മുതലായിരിക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കുക. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനുകളില്‍ 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിക്കും. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം. എന്നാൽ ഇവക്ക് വാക്സിന്‍റെ വില കഴിഞ്ഞ് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവൂ. ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തോട് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഈ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

വിദേശത്ത് പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയിൽ ഇളവ്. ഇവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ നിർദേശം. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഇത് സബന്ധിച്ച് നിർദേശം നൽകി. വിദേശത്തേക്ക് പോകുന്നവർക്ക് കൊവിഷീൽഡ് വാക്സിൻ സർട്ടിഫിക്കേറ്റ് പര്യാപ്തമാണെന്നും മറ്റ് യോ​ഗ്യതാ സർട്ടിഫിക്കേറ്റുകൾ ആവശ്യമില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച വാക്സിനാണ് കൊവിഷീൽഡെന്നും ആരോ​ഗ്യ മന്ത്രാലയം ചൂണ്ടാക്കാട്ടി. കേന്ദ്ര വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും നേരത്തെ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്‍ നയത്തില്‍ സമൂല മാറ്റത്തിന് കേന്ദ്രം തയ്യാറായതെന്ന് വിലയിരുത്തപ്പെടുന്നു.