സിബിഎസ്ഇ, ഐസിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി.

Print Friendly, PDF & Email

സിബിഎസ്ഇ, ഐസിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നടന്ന യോ​ഗത്തിനൊടുവിലാണ് തീരുമാനം. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. നമ്മുടെ വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ്ടു പരിക്ഷ റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇന്നലെ കേന്ദ്ര സര്‍ക്കാറിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. എന്തുകൊണ്ട് പരിക്ഷ വേണ്ടെന്നുവച്ച് കൂടെന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക. എന്നാൽ 12 ാം ക്ലാസിലെ ഫലം എങ്ങനെയാണ് നിർണയിക്കുന്നതെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞവര്‍ഷവും പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്താനാണ് തീരുമാനമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കൊല്ലവും പരീക്ഷ വേണ്ടെന്നുവക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

  •  
  •  
  •  
  •  
  •  
  •  
  •