ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

Print Friendly, PDF & Email

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും. 957 സ്ഥാനാർത്ഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ. റിസര്‍വ് ഉൾപ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാല്‍ വോട്ടുകളുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫീസറുടെ സഹയമുണ്ടായിരിക്കും.

114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലായാണ് വോട്ടുകളെണ്ണുക. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. 584238 തപാല്‍ വോട്ടുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും. തപാല്‍ വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിഞ്ഞ ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ അവസാന രണ്ടു റൗണ്ട് വോട്ടെണ്ണുക. അതിനു ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പരിശോധിക്കും. ഇവിഎമ്മിലേയും വിവി പാറ്റിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടാകും കണക്കാക്കുക.

തപാല്‍ ബാലറ്റ് എണ്ണാൻ ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണല്‍ ഹാളില്‍ ഓരോ മേശയ്ക്കും സൂപ്പര്‍ വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. പ്രധാനഹാളില്‍ വരണാധികാരിയും മറ്റു ഹാളുകളില്‍ എ.ആര്‍.ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരു കൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാര്‍ഥിയുടെയും കൗണ്ടിങ് ഏജന്റുമാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കും. കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ സീല്‍പൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഡിസ്പ്ലേ നോക്കി വോട്ട് വിവരം രേഖപ്പെടുത്തുന്നു. അസിസ്റ്റന്റും നിരീക്ഷകനും ഈ വിവരങ്ങള്‍ രേഖപ്പെടുത്തും. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ നിരീക്ഷകനും വരണാധികാരിയും അത് അംഗീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സൈറ്റിലേക്ക് വിശദാംശങ്ങള്‍ നല്‍കും. തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.