കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കവര്‍ച്ച. ഞെട്ടിത്തരിച്ച് ജയിലധികൃതര്‍.
‘തീക്കട്ടയില്‍ ഉറുമ്പരിക്കുക’, എന്ന് കേട്ടിട്ടേയുള്ളൂ. എന്നാല്‍ അതും സംഭവിച്ചിരിക്കുകയാണ്, മോഷ്ടാക്കളെയും കവർച്ചക്കാരെയും കുറ്റവാളികളെയും പാർപ്പിക്കുന്ന സാക്ഷാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. സെൻട്രൽ ജയിലിലെ ഓഫീസിൽ കഴിഞ്ഞ രാത്രി കള്ളന് കയറി കവർച്ച ചെയ്തത് രണ്ടുലക്ഷം രൂപ. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് കവർച്ച ചെയ്തത്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനായ 1,95,600 രൂപയാണു മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്. ഇന്നലത്തെ വിറ്റു വരവാണ് മോഷണം പോയത്.
24 മണിക്കൂറും സിസിടിവി കാമറയും ആയുധമേന്തിയ കമാൻഡോകളും കാവലുള്ള ജയിലിന് അന്‍പതുമീറ്റർ മാത്രം ദൂരമുള്ള ഓഫീസിൽ നടന്ന കവര്‍ച്ച പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി.
ഇന്നലെ പെയ്ത കനത് മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്ന പോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു. ഈ സമയത്താണ് കവർച്ച നടന്നതെന്നാണു പോലീസിന്റെ അനുമാനം. രാവിലെ വിവിധ ബ്ലോക്കുകളിൽ നിന്നും പുറത്തുവിടുന്ന ജയിലിലെ അന്തേവാസികൾ ആരെയും ഇപ്പോൾ ജയിലിനു പുറത്ത് വിടാറില്ല. ശിക്ഷാതടവ് തീരാറായവരെയാണ് പ്രധാനമായും പുറത്തെ ജോലികൾക്കായി ജയിലിന് പുറത്ത് എത്തിക്കുന്നത്. വൈകുന്നേരത്തോടെ മുഴുവൻ അന്തേവാസികളെയും അതാതു ബ്ലോക്കിലേക്ക് അയക്കും. പലരും നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാറാണ് പതിവ്. ഇന്നലെ കനത്ത മഴയായതു കൊണ്ടും വൈദ്യുതി ഇല്ലാത്തതു കൊണ്ടും അന്തേവാസികളെല്ലാം നേരത്തെ കിടന്നുറങ്ങിയിരുന്നു. ജയിൽ വകുപ്പിന്റെ ചപ്പാത്തി കൗണ്ടർ രാവിലെ ഏഴുമുതൽ രാത്രി 10 വരെയാണ് തുറന്നു പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിറ്റശേഷം പത്തോടെ കൗണ്ടർ അടയ്ക്കും. പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോടു ചേർന്നുള്ള ഓഫീസിൽ അടക്കുകയാണു പതിവ്. അതായത് രാത്രി 11 ന് ശേഷവും പുലർച്ചെ അഞ്ചിനും ഇടയിലാണു മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പോലീസ് പറയുന്നു.