ക്ഷേത്രോത്സവത്തിനിടയില്‍ 15 വയസുകാരന്‍ കുത്തേറ്റ് മരിച്ചു.
ആലപ്പുഴ കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. സജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു. അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദർശ്, കാശി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും സംഘട്ടനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. നേരത്തെ മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷമെന്നാണ് പോലീസ് പറയുന്നു. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് അക്രമികളാണെന്ന് സിപിഎം ആരോപിച്ചു. അതേസമയം പൂര്‍വവൈരാഗ്യത്തിന്റെ തുടര്‍ച്ചയായുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക തലത്തിൽ നിലനിന്ന പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സൂചനയുണ്ട്.