പരസ്യ പ്രചാരണം സമാപിച്ചു. നാളെ നിശബദപ്രചാരണം. മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്…

Print Friendly, PDF & Email

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ്‌ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദപ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും.

ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പ്രവർത്തകർക്ക് ആവേശം പകർന്നു. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ പങ്കെടുത്തു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയായിരുന്നു ആദ്യ ഘട്ടത്തിൽ റോഡ്‌ഷോ. ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്‌ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിൽ സമാപിച്ചു.

എൻഡിഎയ്ക്കായി എവസാന ലാപ്പിൽ ആവേശം പകരാൻ കേരളത്തിലെത്തിയത് കേന്ദ്ര മന്ത്രി നിർമലാ സീതാരാമനായിരുന്നു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് എൻഡിഎയുടെ റോഡ്‌ഷോയ്ക്ക് തുടക്കം കുറിച്ചത്.

രാഹുൽ ഗാന്ധി കോഴിക്കോടും നേമത്തും റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോയിൽ ബിജെപിയേയും സംസ്ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘പ്രധാനമന്ത്രി എപ്പോഴും കോൺഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. എന്തുകൊണ്ട് ഇടതുപക്ഷ മുക്ത ഭാരതം എന്ന് പറയുന്നില്ല ? എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ അഴിമതി അന്വേഷിക്കാത്തത് ? എന്തുകൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി പരിശ്രമിക്കുന്നത് ?’- രാഹുൽ ഗാന്ധി ചോദിച്ചു. ഈ നാട്ടിലെ കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കെതിരെ നിൽക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നൂറുകണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്.