സ്വര്‍ണ്ണ കടത്ത്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടല്‍ ഇനി കോടതികളിലേക്ക്…?

Print Friendly, PDF & Email

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രവർത്തിക്കുന്ന ഇ.ഡി.ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് നിയമരംഗത്ത് വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നീളുന്ന സാഹചര്യത്തില്‍ അവരെ തടയുന്നതിനായി സംസ്ഥാന സർക്കാർ നടത്തിയ തന്ത്രപരമായ മറുനീക്കമാണ് കമ്മിഷന്റെ നിയമനമെന്ന വിലയിരുത്തപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ ഏറ്റുമുട്ടലിലേക്കായിരിക്കും ഇത് നയിക്കുക.

ഇ.ഡി.ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് നിയമപരമായി കഴിയില്ലെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 1952-ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുന്നത്. ഭരണഘടനയുടെ ഏഴാമത്തെ പട്ടികയിൽ സംസ്ഥാന സ്റ്റേറ്റ് സര്‍ക്കാരുകള്‍ക്ക് ഇടപെടാവുന്ന വിഷയങ്ങള്‍ സ്റ്റേറ്റ് ലിസ്റ്റ്, സെന്‍ട്രല്‍ ലിസ്റ്റ് ഇരുഗവര്‍മ്മെന്‍റുകള്‍ക്കും ഇടപെടാവുന്ന കണ്‍കറന്‍റ് ലിസ്റ്റ് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. ഓരോ സർക്കാരുകള്‍ക്കും അനുവദിച്ചിട്ടുള്ള വിഷയവുമായി ബന്ധപ്പെട്ടു മാത്രമേ ഇടപെടുവാന്‍ സാധിക്കൂ. ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ ഏതു വിഷയത്തിലും കേന്ദ്രസർക്കാരിന് അന്വേഷണ കമ്മിഷനെ നിയോഗിക്കാം. എന്നാൽ, സംസ്ഥാന സർക്കാരിന് ലിസ്റ്റ് രണ്ട്, മൂന്ന് പട്ടികയിൽ ഉൾപ്പെട്ട വിഷയത്തിലേ കമ്മിഷനെ നിയമിക്കാനാകൂ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം ലിസ്റ്റ് ഒന്നിൽ ഉൾപ്പെട്ട വിഷയമാണ്. അതിനാൽ ഇ.ഡി.ക്കെതിരായ അന്വേഷണത്തിന് സംസ്ഥാനസർക്കാരിന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനാകില്ലന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണ്ണം വെളുപ്പിക്കൽ നിയമപ്രകാരം നടത്തിയ അന്വേഷണത്തെക്കുറിച്ചല്ല ജുഡീഷ്യൽ അന്വേഷണം എന്നതാണ് സർക്കാർ നിലപാട്. ക്രിമിനൽ കുറ്റകൃത്യത്തിലേക്ക് മുഖ്യമന്ത്രിയടക്കമുള്ളവരെ വലിച്ചിഴയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതാണ് അന്വേഷണ വിഷയം. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റഭാഗമാണത്. അത് ഭരണഘടനയുടെ ഏഴാം പട്ടികയിൽ ലിസ്റ്റ് മൂന്നിൽ ഉൾപ്പെട്ട വിഷയമാണെന്നും സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ജുഡീഷ്യൽ കമ്മിഷനുകള്‍ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സ്ഥാപനമാണ് അതിനാല്‍ അവര്‍ക്ക് ആരെയും വിളിച്ചുവരുത്താം. രേഖകള്‍ പരിശോദിക്കാം ഇ.ഡി. ഉദ്യോഗസ്ഥർക്കു പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താം. ഇത് ഒഴിവാക്കണമെങ്കിൽ ഈ വിഷയം ഇ.ഡി.ക്ക് കോടതിയിൽ ചോദ്യംചെയ്തേ മതിയാകൂ. സംസ്ഥാന സര്‍ക്കാരുമായി കേന്ദ്ര ഏജന്‍സികളുടെ തീപാറുന്ന ഏറ്റുമുട്ടലുകളുടെ നാളുകളിലേക്കാണ് സ്വര്‍ണ്ണ കടത്തിനേ തുടര്‍ന്ന് ഉണ്ടായ അന്വേഷണം ഇനി കടക്കുക. അതില്‍ ആരു വിജയിക്കും എന്നേ ഇനി കണ്ടറിയേണ്ടതുള്ളൂ.