മത്സ്യ ബന്ധനത്തിന് വകുപ്പു മന്ത്രി അറിയാതെ വിദേശ കമ്പനിയുമായി ഉദ്യോഗസ്ഥ കരാര്‍. ആരോപണം മുഖ്യമന്ത്രിയിലേക്ക്…
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യമേഖലയെ അമേരിക്കന്‍ കുത്തക കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ നീക്കമെന്നും രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച 5000കോടിയുടെ പദ്ധതിക്കാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സബന്ധനം നടത്തും. കേരളത്തിന്‍റെ മത്സ്യ സമ്പത്ത് പൂര്‍ണ്ണമായും ഇല്ലാതാകും.
കേരളത്തിലെ ലക്ഷക്കണക്കിന് തീരദേശ മത്സ്യ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നടപടി ആണിത്. വിദേശ കുത്തക കമ്പനിക കേരളത്തിന്‍റെ മത്സ്യസമ്പത്തിനെ കൊള്ളയടിക്കുവാന്‍ വിട്ടുകൊടുക്കന്നതിനു പിന്നില്‍ സ്പ്രീംഗ്‌ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. 2018ല്‍ ന്യൂയോര്‍ക്കില്‍ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. അതിന്‍റെ തുടര്‍ നടപടിയാണ് കഴിഞ്ഞ ആഴ്ച ഒപ്പിട്ട കരാര്‍. ഇത്തരം ഒരു കരാര്‍ തയ്യാറാക്കുന്നതിനായി 2019ല്‍ മത്സ്യനയത്തില്‍ ആരോടും ആലോചിക്കാകെ മാറ്റം വരുത്തി. അങ്ങനെ പുതിയതായി ഉണ്ടാക്കിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടത്. ഇക്കാര്യം ഇ.എം.സി.സി. വ്യവസായ മന്ത്രി ഇ.പി. ജയരാജന് അയച്ച കത്തില്‍ നിന്നു തന്നെ വ്യക്തമാണ്. ഇഎംസിസി കമ്പനിക്ക് ആകെ മൂലധനം 10 ലക്ഷം രൂപയാണ്. രണ്ട് വര്‍ഷം മുന്‍പാണ് കമ്പനി രൂപീകരിച്ചത്. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ എങ്ങനെ നല്‍കിയെന്ന് ചെന്നിത്തല ചോദിച്ചു. ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേ ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍, ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പപറയുന്നു.ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടുമില്ല എന്നാണ് ഇക്കാര്യത്തില്‍ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. വിദേശ ട്രോളറുകളെ കേരള തീരത്ത് മീന്‍പിടുത്തത്തിന് അനുവദിക്കില്ല. അതാണ് സര്‍ക്കാരിന്‍റെ നയം, അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ പറയുന്നു.
എന്നാല്‍ ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട ധാരണപത്രം യാഥാര്‍ത്ഥ്യമായി നില്‍ക്കുകയാണ്. കെഎസ്ഐഎന്‍സി എംഡിയാണ് ധാരണാപത്രം ഒപ്പിട്ടത്. ഇഎംസിസി അയച്ച കത്ത് വ്യവസായമന്ത്രി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കും കെഎസ്ഐഡിസിക്കും കൈമാറിയിട്ടുമുണ്ട്. അപ്പോള്‍ വകുപ്പു മന്ത്രിയറിയാതെയാണ് മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെങ്കില്‍ ഇ മൊബിലിറ്റി കരാറും സ്പ്രിങ്കളര്‍ കരാറും പോലെ മറ്റൊരു വിവാദത്തിനായിരിക്കും കളമൊരുങ്ങുക. ശിവശങ്കര പ്രഭാവം ഭരണകൂടത്തില്‍ അവസാനിച്ചിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതോടെ മറ്റൊരു അഴിമതി ആരോപണത്തിന്‍റെ മുനകൂടി മുഖ്യമന്ത്രിയിലേക്ക് നീളുകയാണ്.