യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍.

Print Friendly, PDF & Email

യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തി. ഏഴു മാസത്തെ സഞ്ചാരത്തിനൊടുവിലാണ് ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ആണ് ഹോപ് പ്രോബ്. ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ, യൂറോപ്പ്, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുൻപ് ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ദൗത്യം നിരീക്ഷിക്കുന്നത്

ഏഴ് മാസം മുൻപാണ് ഹോപ് പേടകം ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നായിരുന്നു ചരിത്രദൗത്യം. ഹോപ്പ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ സുരക്ഷിതമായി പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് യുഎഇയുടെ ഹോപ്പ് പേടകം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, ഇമേജര്‍, അള്‍ട്രാവയലറ്റ് സ്പെക്ട്രോമീറ്റര്‍ എന്നിവ ഹോപ്പിന്റെ പ്രധാന ഭാ​ഗങ്ങളാണ്. ഇതു വഴി ചൊവ്വയിലെ ജലത്തിന്റെയും പൊടിയുടെയും സാന്നിധ്യം സംബന്ധിച്ച പഠനങ്ങള്‍ ഹോപ്പ് പ്രോബ് നടത്തും. 2120 ല്‍ ചൊവ്വയില്‍ മനുഷ്യവാസത്തിനായി കോളനി സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി യുഎഇക്കുണ്ട്. അത്തരം മഹത്തായ ലക്ഷ്യങ്ങളിലേക്കുള്ള യുഎഇയുടെ കുതിപ്പിന് ഈര്‍ജം പകരുന്നതാണ് ഹോപ്പപ്രോബിന്റെ വിജയകരമായ ദൗത്യം.