രാജ്യത്തെ സമ്പത്ത്‌ വ്യവസ്ഥയെ രക്ഷിക്കുന്നതിന് ജനക്ഷേമ പദ്ധതികളുമായി കേന്ദ്ര ബഡ്ജറ്റ്

Print Friendly, PDF & Email

കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന രാജ്യത്തെ സമ്പത്ത്‌ വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കുന്നതിനായി ജനക്ഷേമ പദ്ധതികളുമായി കേന്ദ്ര ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രാജ്യം പൊതുവെ സ്വാഗതം ചെയ്ത ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ഓഹരി വിപണിയില്‍ കുതിപ്പ് അനുഭവപ്പെട്ടു. സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു. പൊതുമേഖല ബാങ്കുകളുടെ (പി.എസ്.ബി) മൂലധന സമാഹരണം വര്‍ധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ബജറ്റില്‍ 20,000 കോടി രൂപ വകയിരുത്തി. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. സ്റ്റാര്‍ട്ട് അപുകള്‍ക്ക് 2022 മാര്‍ച്ചുവരെ ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സിനും ഒരുവര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബുകള്‍ അതേ പോലെ തുടരും. ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാല്‍ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അര്‍ഹതയുണ്ടാവില്ല. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ജനസംഖ്യാക്കെടുപ്പിനായി 3,726 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 2021 ല്‍ നടക്കാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിനാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. കള്ളക്കടത്തിന് തടയിടുന്നതിനായി സ്വർണത്തിന്റെയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു,

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കുഴല്‍വഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കും. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താന്‍ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍ (ടിഎസ്ഒ) നിലവില്‍ വരും.

ബഡ്ജറ്റില്‍ കാര്യമായ നികുതി വിത്യാസം വരുത്താത്തതിനാല്‍ മാര്‍ക്കറ്റില്‍ ബഹുഭൂരിപക്ഷം സാധനങ്ങള്‍ക്കും വിലവിത്യാസം ഉണ്ടാകില്ല. എന്നാല്‍, ലെതർ ഉത്പന്നങ്ങൾ, അമൂല്യ കല്ലുകൾ, രത്നങ്ങൾ തുടങ്ങിയവക്ക് വിലകൂടും ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, സോളാർ സെല്ല് തുങ്ങിയവക്ക് വിലകൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. മുൻനിര മോഡലുകൾ പോലും ഇപ്പോൾ ഫോൺ ബോക്സിൽ നിന്നും ചാർജർ ഒഴിവാക്കുന്ന രീതിയിലേക്ക് മാറുന്നത് കൂടി മുൻകൂട്ടി കണ്ട് ചാര്‍ജറുകള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് മൊബൈല്‍ ചാര്‍ജറുകളുടേയും വിലയില്‍ വര്‍ദ്ധനവുണ്ടാക്കും. എക്സൈസ് നികുതി കുറച്ചതിനാല്‍ സ്വർണം, വെള്ളി, വൈദ്യുതി, ചെരുപ്പ്, ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, നൈലോൺ തുണി തുടങ്ങിയവക്ക് വില കുറയും.

ബഡ്ജറ്റ് ഒറ്റ നോട്ടത്തില്‍

കര്‍ഷകര്‍ക്കായി വന്‍ പദ്ധതികള്‍
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. കര്‍ഷക ക്ഷേമത്തിന് 75,060 കോടിയാണ് ബഡ്്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്, കൂടാതെ, കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. .

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും ബഡ്ജറ്റില്‍ വാഗ്നാനം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവില തുടരും. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. നെല്‍കര്‍ഷകര്‍ക്ക് നല്‍കിയ ഫണ്ടില്‍ 1.72 കോടിയുടെ വര്‍ധനവുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

നികുതി സമ്പ്രദായം സുതാര്യമാക്കും
നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട് തർക്കപരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കും. പ്രവാസികളെ ഇരട്ട നികുതിയിൽ നിന്ന് ഒഴിവാക്കി. സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാരെ ഐടിആറിൽ നിന്ന് ഒഴിവാക്കി. 75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെയാണ് ആധായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, ആദായനികുതി ഘടനയിൽ ഇത്തവണ മാറ്റം വരുത്തിയില്ല.

ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ് ധനമന്ത്രി പ്രഖ്യാപിച്ചു. മാർച്ച് 2022 ന് അകം പാർപ്പിട ലോൺ എടുക്കുന്നവർക്ക് ലോൺ പലിശയിൽ 1.5 ലക്ഷം രൂപ വരെ ഇളവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പാർപ്പിട നിർമാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് നിശ്ചിത കാലയളവിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ്; ഗതാ​ഗത മേഖലയിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിം​ഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നെസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ​ഗതാ​ഗതത്തിന്റെ കാര്യത്തിൽ ഈ കലാവാധി 15 വർഷമാണ്. പഴയതും ഉപയോ​ഗശൂന്യവുമായ വാഹനങ്ങൾ മാറ്റാൻ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ധന ക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി സൗഹാർദമാകുവാനും സഹായിക്കും.

പെട്രോളിനും ഡീസലിനും സെസ്.
കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാല്‍ ഇവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.

റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍:
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ റോഡ് വികസനത്തിന് വന്‍ പദ്ധതികള്‍. കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടും. പശ്ചിമ ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.

റെയില്‍വേ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍. രാജ്യത്തെ മുഴുവൻ ബ്രോഡ്ഗേജ് പാതകളും 2023 ഡിസംബറോടെ വൈദ്യുതീകരിക്കും. 2022 ജൂണോടെ ചരക്കുഗതാഗതത്തിനുള്ള പ്രത്യേക പാതകൾ ഗതാഗതത്തിന് സജ്ജമാകും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പ്രത്യേകം ഡിസൈൻ ചെയ്ത എൽ.എച്ച്.ബി കോച്ചുകൾ പുറത്തിറക്കും.തീവണ്ടികൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം തിരക്കേറിയ പാതകളിൽ നടപ്പാക്കും.

മെട്രോ നഗരങ്ങളിലൊഴികെ മറ്റുനഗരങ്ങളിലും മെട്രോ നഗരങ്ങളുടെ പ്രാന്ത പ്രദേശത്തും ചെലവ് കുറഞ്ഞ മെട്രോ ലൈറ്റ്, മെട്രോ നിയോ പദ്ധതികൾ നടപ്പാക്കും. കൊച്ചി മെട്രോയുടെ കാക്കനാട് വരെയുള്ള 11.5 കി.മി നിര്‍മ്മാണത്തിന് 1957.05 കോടിരൂപ മാറ്റിവച്ചത് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര‍്ത്തനങ്ങളെ ത്വരിതപ്പെടുത്തും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 118.9 കി.മിറ്റര്‍ നിര്‍മ്മാണത്തിന് 63,246 കോടിയും ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തില്‍ 58.19 കി.മി നിര്‍മ്മാണത്തിനായി 14,788 കോടിയും നീക്കിവച്ചു.

ഇന്‍ഷൂറന്‍സ് മേഖലയില്‍ അഴിച്ചു പണി:
രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമയി ഉയരും.

ആരോഗ്യമേഖലയെ ആരോഗ്യകരമാക്കും:
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്ക് ഇത്തവണ പതിവില്‍ക്കവിഞ്ഞ് തുക നീക്കിവെച്ചിട്ടുണ്ട്. പ്രാഥിമിക ആരോഗ്യകേന്ദ്രംമുതലുള്ള വികസനം ലക്ഷ്യമിട്ട്
ആറുവര്‍ഷംകൊണ്ട് 64,180 കോടി രൂപയുടെ പിഎം ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയാണ് നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഗ്രാമീണമേഖലയിലെ 17,788ഉം നഗരങ്ങളിലെ 11.024ഉം ആരോഗ്യകേന്ദ്രങ്ങള്‍ വികസിപ്പിക്കും. എല്ലാ ജില്ലകളിലും പൊതു ലാബുകള്‍ സ്ഥാപിക്കും. 602 ജില്ലകളിലെ ആശുപത്രികളില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ സ്ഥാപിക്കും.

വിദ്യാലയങ്ങളുടെ നവീകരണത്തിന് പദ്ധതികള്‍:
എന്‍ജിഒകളുടെ സഹായത്തോടെ 15,000 സ്‌കൂളുകളുടെ നവീകരണത്തിന് സഹായം ഒരുക്കും. 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. 100 സൈനിക സ്‌കൂളുകള്‍ ആരംഭിക്കും. കാസ്മീരിലെ ലേയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കും.

  •  
  •  
  •  
  •  
  •  
  •  
  •