കര്‍ഷകസമരം പുതിയ തലത്തിലേക്ക്. രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ ആഹ്വാനം.

Print Friendly, PDF & Email

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സര്‍ഷക സമരം കൂടുതല്‍ തീവ്രമാക്കുവാനുള്ള തീരുമാനവുമായി കര്‍ഷക സംഘടനകള്‍. അമിത്ഷായുമായുള്ള ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ചേര്‍ന്ന കര്‍ഷകസംഘടനാ നേതാക്കളുടെ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കർശന സമരപരിപാടികളുമായി മുന്നോട്ട് പോകാനും കർഷകർ തീരുമാനിച്ചത്. കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ആത്മാർത്ഥയില്ലാത്തതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുവാനായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി. അതിനാല്‍ രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കർഷകർ തീരുമാനിച്ചു. ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കും. കോർപ്പറേറ്റുകൾക്കെതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും. ഡിസംബർ 14-ന് രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കർഷകർ പ്രക്ഷോഭം നടത്തും. ഡിസംബർ 12-ന് ദില്ലി– ജയ്പൂർ, ദില്ലി- ആഗ്ര ദേശീയപാതകൾ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു. രാജ്യ വാപകമായി ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കുവാനും സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച ബിജെപി ഓഫീസുകൾ ഉപരോധിക്കുവാനും രാജ്യത്തെങ്ങുമുള്ള കര്‍ഷകരോട് ഡല്‍ഹിയിലേക്ക് എത്തിച്ചേരുവാനും കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ഭേദഗതികളല്ല, നിയമങ്ങൾ പൂർണമായും പിൻവലിക്കുകയാണു വേണ്ടതെന്ന ആവശ്യം നേതാക്കൾ ആവർത്തിച്ചു.

ഡൽഹി അതിർത്തികൾ സ്തംഭിപ്പിച്ച് രണ്ടാഴ്ചപിന്നിട്ട പ്രക്ഷോഭം ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്. തലസ്ഥാനം കൂടുതൽ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് സമരക്കാർ നീങ്ങുന്നത്. ഇപ്പോള്‍ തന്നെ ഡല്‍ഹിയിലേക്കുള്ള നാലു പ്രധാന വീഥികള്‍ സംതംഭിപ്പിച്ച കര്‍ഷകര്‍ ഡൽഹിയിലേക്കുള്ള റോഡുകൾ ഒന്നിനുപിറകെ ഒന്നായി ഉപരോധിക്കുമെന്നും മുന്നറിയിപ്പു നൽകി. നാളിതുവരെ രാഷ്ട്രീയ നേതാക്കളെ സമരമുഖത്തിന്‍റെ നാലയല്‍പക്കത്തു പോലും അടുപ്പിക്കാതിരുന്ന കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ പഞ്ചാബില്‍ ആരംഭിച്ച് ഡല്‍ഹിയില്‍ തീവ്രമായ കര്‍ഷക സമരം രാജ്യം മുഴുവനും കൂടുതല്‍ തീഷ്ണമാകുന്നതിന്‍റെ സൂചനയാണ് ഉയരുന്നത്.