ശവപ്പെട്ടി കച്ചവടക്കാരൻ കോടീശ്വരനായത് ഒറ്റ രാത്രികൊണ്ട്.

ശവപ്പെട്ടി കച്ചവടക്കാരൻ കോടീശ്വരനായത് ഒറ്റ രാത്രികൊണ്ട്. ഇതൊരു കഥയൊന്നുമല്ല നടന്ന സംഭവമാണ്. വീടിന് മുകളിൽ പതിച്ച ഉൽക്കയുടെ ശിലയാണ് ഇയാളെ കോടീശ്വരനാക്കിയത്. സംഭവം നടന്നത് ഇൻഡോനേഷ്യയിലെ സുമാത്രയില്‍.

ശവപ്പെട്ടി നിർമ്മാണം നടത്തുന്ന 33 വയസുകാരനായ ജോസുവ ഹുത്തഗലംഗ് എന്ന യുവാവിനാണ് നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും തന്റെ ജീവിതവും പച്ചപിടിച്ചത്. സംഭവം നടന്നത് ആഗസ്റ്റിലായിരുന്നുവെങ്കിലും വാർത്ത പുറത്തുവന്നത് ഇപ്പോഴാണ്. തന്റെ വീടിന് പുറത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഹുത്തഗലംഗ് വീടിന് മുകളിൽ എന്തോ വീഴുന്ന ഒരു ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീടിനുള്ളിൽ വലിയൊരു പാറക്ഷണം വീണു കിടക്കുന്നത് കണ്ടത്.

അത് 2.1 കിലോ ഭാരമുള്ള ഉൽക്കയായിരുന്നു. വീടിന്റെ മുന്നിലുള്ള ബാൽക്കണിയിലേക്കാണ് ഉൽക്ക വീണത് ഓടിച്ചെന്ന് ശില എടുക്കാൻ ശ്രമിച്ചെങ്കിലും ചുട്ടുപൊള്ളുന്ന ചൂട് കാരണം പറ്റിയില്ലെന്ന് ഹുത്തഗലംഗ് പറഞ്ഞു. ഈ ഉൽക്കയുടെ ഫോട്ടോ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതാണ് കഥയുടെ ട്വിസ്റ്റ്. അപ്പോഴാണ് ഇത് വെറുമൊരു പാറയല്ലയെന്ന് ഹുത്തഗലംഗ് അറിയുന്നത്. ശേഷം ഏകദേശം 9 കോടിയിലേറെ രൂപയ്ക്ക് ആ ശില ഹുത്തഗലംഗ് വിറ്റതായിട്ടാണ് റിപ്പോർട്ട്.

ഈ ശില ഏകദേശം 450 ൽ ഏറെ വർഷങ്ങൾ പഴക്കമുള്ള വളരെ അപൂർവ ഇനമായ കാർബണേഷ്യസ് കോണ്ട്രൈറ്റ് ആണ്. ഉൽക്ക ശിലകൾ ശേഖരിക്കുന്ന ജേർഡ് കോളിൻസ് എന്നായാൾക്കാണ് ഹുത്തഗലംഗ് ഇത് വിറ്റത്.