കേരളo പ്രതികാര രാഷ്ട്രീയത്തിലേക്ക്. മന്ത്രിമാരുടെ ബെനാമി ഭൂമിയിലേക്ക് ഇഡി അന്വേഷണം നീളുന്നു.

Print Friendly, PDF & Email

സ്വര്‍ണ്ണ കടത്ത് വിവാദത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ എത്തിയിരിക്കുകയാണ്. ഇതോടെ പ്രതിരോധത്തിലായ സംസ്ഥന സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടുവാനും പ്രതിപക്ഷത്തെ ഒതുക്കുവാനുമായി നടത്തുന്ന നീക്കം മുന്പൊന്നും കേരളം കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രതികാര രാഷ്ട്രീയത്തിലേക്ക് നീളുകയാണ്. ജ്വല്ലറി തട്ടപ്പുകേസില്‍ കമറുദ്ദീനും പാലാരിവട്ടം പാലത്തിന്‍റെ പേരില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിയേയും അഴിക്കുള്ളിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ബാര്‍കോഴക്കേസും സോളാര്‍ കേസും കുത്തിപ്പൊക്കി കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ വിലങ്ങണിയിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കി ജനശ്രദ്ധ തിരിച്ചുവിടുവാനുള്ള നീക്കം നടത്തുന്പോള്‍ അതേ തന്ത്രം തന്നെ പയറ്റി പിടിച്ചു നില്‍ക്കുവാനുള്ള പ്രതിപക്ഷത്തിന്‍റെ ശ്രമം സിപിഎംന് തന്നെ തിരിച്ചടി ആവുകയാണ്

സംസ്ഥാന സര്‍ക്കാരിലെ രണ്ട് സിപിഎം മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന പരാതിയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്ന് ലഭിച്ചിരിക്കുന്നത്. ബെനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്‍ സഹിതമാണ് ഇഡിക്ക് പരാതി ലഭിച്ചത്. അതില്‍ അന്വേഷണം തുടങ്ങിയ ഇഡി സുപ്രധാന വകുപ്പുകളിലെ രണ്ട് മന്ത്രിമാരിലാണ് ഇപ്പോള്‍ അന്വേഷണം എത്തിയിരിക്കുന്നത്.

സിന്ധു ദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കില്‍ ഭൂമി വാങ്ങിക്കൂട്ടിയ ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ ബെനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്തേക്കും. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇഡി ശേഖരിക്കുകയാണ്.

അടുത്തിടെ സര്‍വീസില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇടപാടിന് ഇടനിലക്കാരനായി നിന്നത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഈ ഐഎഎസുകാരന്റെ ഇടപെടലിലൂടെയാണ് മന്ത്രിമാര്‍ക്ക് ഭൂമി കിട്ടിയെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഈ മുന്‍ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരില്‍ 50 ഏക്കറോളം ഭൂമിയുണ്ട്. ചില നിര്‍ണായക ഇടപാടുകള്‍ക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു.

കിഫ്ബിയില്‍ പ്രതിരോധത്തിലാവുകയും സ്വര്‍ണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ കെ ഫോണ്‍, ഇ മൊബിലിറ്റി തുടങ്ങിയ വന്‍കിട പദ്ധതികളിലെ അഴിമതികളിലേക്കും അന്വേഷണം നീളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇഡിക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബെനാമി ഇടപാടിലേക്കും അന്വേഷണം നീളുന്നത്. ഇതിനു തിരിച്ചടിയായി സിപിഎംന് ചെയ്യാനുള്ളത് പ്രതിപക്ഷത്തെ ഉന്നതരുടെ ബെനാമി ഇടപാടുകളെ പറ്റി തങ്ങള്‍ക്കറിയുന്ന കഥകള്‍ പുറത്തുവിടുക മാത്രമാണ്. കൊണ്ടും കൊടുത്തും പരസ്പരം സഹായിച്ചിരുന്ന കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വീണിരിക്കുന്ന വിള്ളല്‍ കൂടുതല്‍ വളര്‍ന്നാല്‍ അവിഹിത മാര്‍ഗ്ഗത്തിലൂടെയുള്ള സ്വത്തു സംന്പാദനത്തിന്‍റെ ഞെട്ടിക്കുന്ന കഥകളായിരിക്കും ഇനിയുള്ള നാളുകളില്‍ പുറത്തു വരുക. അതല്ലങ്കില്‍ കൊന്പു കോര്‍ത്തിരിക്കുന്ന ഇരു മുന്നണികളും തമ്മില്‍ വെടി നിര്‍ത്തലുണ്ടാകണം എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരിക്കുകയാണ് കേരളം.

  •  
  •  
  •  
  •  
  •  
  •  
  •